പത്തനംതിട്ട: ഇലന്തൂർ വാര്യാപുരം സ്വദേശി ഷിബുവിനെ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. മൃതദേഹം കണ്ടെത്താൻ പ്രത്യേക പരിശീലനം നേടിയ കടാവർ ഡോഗിനെ എത്തിച്ച് ആളൊഴിഞ്ഞ പ്രദേശങ്ങളിൽ ഉൾപ്പെടെ വ്യാപക പരിശോധന ആരംഭിച്ചു.
43കാരനായ ഷിബുവിനെ മെയ് 31-ന് രാത്രിമുതലാണ് കാണാതായത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചതിനെ തുടർന്നാണ് അന്വേഷണം കൂടുതൽ ശക്തമാക്കിയത്. ഷിബുവിനെ അവസാനമായി കണ്ടതായി പറയപ്പെടുന്ന അടുത്ത സുഹൃത്തിന്റെ വീട്ടിലും സമീപ പ്രദേശങ്ങളിലും പൊലീസ് പരിശോധന നടത്തി.
ഷിബുവിന്റെ അടുത്ത സുഹൃത്തിനെ പൊലീസ് വീണ്ടും വിശദമായി ചോദ്യം ചെയ്യുകയാണ്. തിരോധാനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് ചോദ്യം ചെയ്യൽ തുടരുന്നത്.
മെയ് 31-ന് രാവിലെ തടിപ്പണിക്കായി വീട്ടിൽ നിന്ന് പോയ ഷിബുവിനെ പിന്നീട് കാണാതാകുകയായിരുന്നു. അദ്ദേഹത്തിന്റെ സ്കൂട്ടർ വാര്യാപുരത്തെ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.
ഇന്ന് നടന്ന തിരച്ചിലിൽ രണ്ട് മണിക്കൂറിലേറെ സമയം വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തിയെങ്കിലും നിർണായകമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ഷിബുവിന്റെ കൈവശം മൊബൈൽ ഫോൺ ഇല്ലാതിരുന്നതും അന്വേഷണത്തിന് വെല്ലുവിളിയായി മാറിയിട്ടുണ്ട്.
അതേസമയം, എല്ലാ സാധ്യതകളും പരിശോധിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നതെന്നും കൂടുതൽ സ്ഥലങ്ങളിൽ തെരച്ചിൽ വ്യാപിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു.















































