ബെംഗളൂരു: ബെംഗളൂരുവിൽ ഹോം ഗാർഡായ മുപ്പത്തിരണ്ടുകാരിയെ ഭർത്താവ് അമ്മയുടേയും മക്കളുടേയും കൺമുന്നിലിട്ട് കുത്തിക്കൊലപ്പെടുത്തി. മഹാദേവപുര പോലീസ് സ്റ്റേഷനിൽ ഹോം ഗാർഡായി ജോലി ചെയ്തിരുന്ന മഞ്ജുളയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഞായറാഴ്ചയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മഞ്ജുളയുടെ ഭർത്താവ് പ്രദീപിനെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു.
പ്രദീപിന് ഓൺലൈൻ ബെറ്റിങ് നടത്തുന്ന ശീലമുണ്ടായിരുന്നുവെന്നും ഇതേച്ചൊല്ലി കുടുംബത്തിൽ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു. കൂടാതെ മഞ്ജുളയുടെ സ്വഭാവത്തിൽ സംശയം പ്രകടിപ്പിച്ചിരുന്ന പ്രദീപ്, കുട്ടികളുടെ പിതൃത്വത്തെച്ചൊല്ലിയും തർക്കിച്ചിരുന്നു. പ്രദീപിന്റെ പീഡനത്തെത്തുടർന്ന് ഒന്നര മാസത്തോളമായി മഞ്ജുള കുട്ടികളോടൊപ്പം സ്വന്തം അമ്മയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
ഞായറാഴ്ച മഞ്ജുള താമസിക്കുന്ന വീട്ടിലെത്തിയ പ്രദീപ്, തന്നോട് ക്ഷമിക്കണമെന്നും കൂടെ വരണമെന്നും അഭ്യർഥിച്ചു. ഇതിനായി മഞ്ജുളയുടെ കാലിൽവീണ് മാപ്പപേക്ഷിച്ചു. തുടർന്ന് അക്രമാസക്തനാവുകയും ജാക്കറ്റിനുള്ളിൽ ഒളിപ്പിച്ച കത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മഞ്ജുളയുടെ അമ്മയുടെയും രണ്ട് മക്കളുടെയും മുന്നിൽവെച്ചായിരുന്നു ആക്രമണം. ഇരുപതിലധികം തവണയാണ് ഇയാൾ മഞ്ജുളയെ കുത്തിയത്.
അതേസമയം കൊലപാതകത്തിന് തൊട്ടുമുമ്പ് പ്രദീപ് ഒരു വീഡിയോ സന്ദേശവും റെക്കോർഡ് ചെയ്തിരുന്നു. അതിൽ തന്റെ ബെറ്റിങ് ലഹരി കുടുംബം തകർത്തതായി ഇയാൾ വീഡിയോയിൽ സമ്മതിക്കുന്നു. “എനിക്ക് ഭാര്യയില്ലാതെ ജീവിക്കാൻ കഴിയില്ല. ഞാൻ അവളുടെ അച്ഛനോടും സഹോദരനോടും സംസാരിച്ചിട്ടുണ്ട്. കൂടെവരാൻ ഒരിക്കൽക്കൂടി അവളോട് ആവശ്യപ്പെടും. വരില്ലെന്ന് പറഞ്ഞാൽ അവളെ ഞാൻ അവിടെവെച്ച് കൊല്ലും”, പ്രദീപ് വീഡിയോയിൽ പറയുന്നു. ആക്രമണത്തിന് പിന്നാലെ ഇതേ കത്തി ഉപയോഗിച്ച് പ്രദീപ് സ്വന്തം കൈ മുറിച്ച് ജീവനൊടുക്കാനും ശ്രമിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് പ്രദീപിനെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കേസെടുത്ത പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.
















































