ബീജിംഗ്: മാജിക് മഷ്റൂം കഴിച്ച് സ്വബോധം നഷ്ടപ്പെട്ട നാല്പതുകാരൻ ഫ്ലാറ്റിന്റെ 27-ാം നിലയിൽ നിന്നും താഴേക്ക് വലിഞ്ഞിറങ്ങി. ചൈനയിലെ യുനാനിയിൽ താമസിക്കുന്ന സൂ എന്നയാളാണ് കടുത്ത അബോധത്തിൽ മരണത്തിന്റെ വക്കിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. തന്റെ കുടുംബം തന്നെ അമരത്വം നേടാനുള്ള സ്വയം പരിശീലനത്തിനായി ക്ഷണിക്കുകയാണെന്ന തോന്നലാണ് യുവാവിനെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചത്. യുനാനിൽ സാധാരണയായി കണ്ടുവരുന്ന ‘ജിയാൻഷൂക്കിംഗ്’ എന്നയിനം സൈക്കോ ആക്ടീവ് കൂണാണ് സൂ കഴിച്ചത്.
മുറിക്കുമ്പോഴോ അമർത്തുമ്പോഴോ നീലനിറം പടരുന്നതിനാലാണ് പ്രാദേശികമായി ഇതിനെ ‘നീലക്കൈ’ കൂൺ എന്ന് വിളിക്കുന്നത്. 120 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ചൂടിൽ കുറഞ്ഞത് 15 മിനിറ്റെങ്കിലും കൃത്യമായി വേവിച്ചാൽ മാത്രമേ ഇതിലെ വിഷാംശം ഇല്ലാതാകൂ. വർഷങ്ങളായി ഈ കൂൺ പാകം ചെയ്ത് കഴിക്കാറുള്ള സൂവിന് ഇത്തവണ പറ്റിയ പിഴവ് മറ്റൊന്നായിരുന്നു. കൂണിന്റെ ഒരു ഭാഗം ആദ്യദിവസം കറിവെച്ച് കഴിച്ച ഇയാൾ, പിറ്റേന്ന് ബാക്കിവന്ന ഭാഗം ശരിയായി ചൂടാക്കാതെ മദ്യത്തോടൊപ്പം കഴിക്കുകയായിരുന്നു. ഇതോടെ കൂണിലെ വിഷാംശവും മദ്യവും ചേർന്ന് ലഹരി ഇരട്ടിയാവുകയും ഇയാൾ പൂർണമായും വിഭ്രമാവസ്ഥയിലാവുകയുമായിരുന്നു.
ഈ സമയം തൊട്ടുതാഴെ 26-ാം നിലയിലുണ്ടായിരുന്ന സൂവിന്റെ സുഹൃത്ത് ജനലിന് പുറത്ത് അസ്വാഭാവികമായ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് പൈപ്പിലൂടെ ചോരയൊലിപ്പിച്ച് ഊർന്നുവരുന്ന സൂവിനെ കണ്ടത്. ഉടൻ തന്നെ സുഹൃത്ത് ജനലിലൂടെ കൈനീട്ടി സൂവിനെ അതിസാഹസികമായി തന്റെ അപ്പാർട്ട്മെന്റിലേക്ക് വലിച്ച് കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു.
















































