കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിനിടെ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർന്നതിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജിയിൽ പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ഹൈക്കോടതി ജഡ്ജിയും പിന്മാറി. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് പിന്മാറിയത്. അതോടെ അതിജീവിതയുടെ ഹർജി മറ്റൊരു ബെഞ്ച് പരിഗണിക്കും.
അതേസമയം മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ച ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കൗസർ എടപ്പഗത്ത് ജഡ്ജി ആയിരുന്നു. പിന്നീട് മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർന്നതിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയിലെത്തിയപ്പോൾ അവിടെയും കൗസർ എടപ്പഗത്ത് ജഡ്ജിയായെത്തുകയായിരുന്നു. മാത്രമല്ല വസ്തുത പരിശോധനാ റിപ്പോർട്ടിൽ ജസ്റ്റിസ് കൗസർ എടപ്പഗത്തിന് എതിരെ ഉദ്യോഗസ്ഥന്റെ മൊഴിയുണ്ടായിരുന്നു.
നേരത്തെ നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിനിടെ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർന്നതിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിക്ക് മുമ്പാകെ ഹർജി സമർപ്പിച്ച സമയത്ത് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനാണ് ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയത്. മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർന്നതിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമായിരുന്നു അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയത്. കോടതി മേൽനോട്ടത്തിൽ പുതിയ അന്വേഷണം വേണമെന്നായിരുന്നു അതിജീവിത ആവശ്യപ്പെട്ടത്.
ദൃശ്യങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും അതിജീവിത പറഞ്ഞിരുന്നു. സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകയായ വൃന്ദ ഗ്രോവർ വഴിയായിരുന്നു അതിജീവിത പുതിയ ഹർജി ഫയൽ ചെയ്തത്.
അതേസമയം പീഡന ദൃശ്യങ്ങൾ ഉൾപ്പെടുന്ന മെമ്മറി കാർഡിൽ മൂന്ന് തവണയാണ് നിയമവിരുദ്ധ പരിശോധന നടന്നത്. 2018 ജനുവരി 9-ന് മെമ്മറി കാർഡ് നിയമ വിരുദ്ധമായി പരിശോധിച്ചത് അങ്കമാലി മജിസ്ട്രേറ്റ് ആണെന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദാണ് അന്ന് മെമ്മറി കാർഡ് പരിശോധിച്ചത്. പരിശോധന നടന്നത് രാത്രി 9.58-നാണെന്നും കണ്ടെത്തിയിരുന്നു. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ബെഞ്ച് ക്ലാർക്ക് 2018 ഡിസംബർ 13ന് മെമ്മറി കാർഡ് വീണ്ടും പരിശോധിച്ചു. ബെഞ്ച് ക്ലാർക്ക് മഹേഷ് മോഹനാണ് നിയമവിരുദ്ധമായി മെമ്മറി കാർഡ് പരിശോധിച്ചത്. രാത്രി 10.58നാണ് മഹേഷ് മോഹൻ മെമ്മറി കാർഡ് പരിശോധിച്ചതെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.
മെമ്മറി കാർഡ് ഉപയോഗിച്ചത് വിവോ ഫോൺ ശിരസ്തദാറിന്റേതാണെന്നും അന്വേഷണ റിപ്പോർട്ട് പറയുന്നു. ശിരസ്തദാർ താജുദ്ദീന്റെ ഫോണിലാണ് പീഡന ദൃശ്യങ്ങൾ കണ്ടതെന്നാണ് റിപ്പോർട്ടിലുള്ളത്. വിചാരണ കോടതിയിൽ മെമ്മറി കാർഡ് ഉപയോഗിച്ചത് ശിരസ്തദാറിന്റെ ഫോണിലാണെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. മെമ്മറി കാർഡ് സുരക്ഷിതമായി സൂക്ഷിക്കണമെന്ന സുപ്രീംകോടതി നിർദ്ദേശം വിചാരണ കോടതി ജഡ്ജിയായിരുന്ന ഹണി എം വർഗീസ് പാലിച്ചില്ലെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. മെമ്മറി കാർഡ് അതീവ സുരക്ഷിതമായി സൂക്ഷിക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ നിർദ്ദേശം.
















































