പറവൂർ: ഒന്നും വിടാതെ പൊട്ടും പൊടിയും പോലും ക്യാമറകളിൽ പകർത്തി, സെന്റി ഡയലോഗും മേമ്പൊടിക്ക് ശോക മ്യൂസിക്കും ചേർത്ത് ഷോട്ടുകളും വീഡിയോകളുമാക്കാനുള്ള ഓൺലൈൻ മീഡിയകളുടേയും മാധ്യമങ്ങളുടേയും തള്ളിക്കയറ്റം. ഇതിനിടെ ഇനി ഒരിക്കൽ കൂടി ആഗ്രഹിച്ചാൽ പോലും കാണാനാകാത്ത സ്വന്തം പിതാവിനരികിൽ അൽപ നേരം ഇരിക്കാനാഗ്രഹിക്കുന്ന മകൻ പൊട്ടിത്തെറിച്ചില്ലെങ്കിലെ അത്ഭുതമുള്ളു.
അന്തരിച്ച നടൻ സലിംകുമാറിന്റെ മരണാനന്തര ചടങ്ങുകൾക്കിടെ മാധ്യമങ്ങളുടേയും ഓൺലൈൻ മീഡിയകളുടേയും തള്ളിക്കയറ്റത്തിൽ പൊട്ടിച്ചെറിക്കുകയായിരുന്നു മകൻ ചന്തു. എന്താടോ, എന്താണ് നിങ്ങൾക്കൊക്കെ വേണ്ടത് എന്നു ചോദിച്ചുകൊണ്ടായിരുന്നു ചന്തു തന്റെ ദേഷ്യവും സങ്കടവും പുറത്തേക്കൊഴുക്കിയത്. ഇതിനിടെ മീഡിയക്കാരോട് പിറകിലേക്ക് നിൽക്കാനും ചന്തു പറയുന്നുണ്ടായിരുന്നു.
അന്തരിച്ച നടന് പറവൂർ ചിറ്റേത്തുകരയിലെ ലാഫിങ് വില്ല വീട്ടുവളപ്പിൽ എല്ലാ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു വിട ചൊല്ലിയത്. മുഖ്യമന്ത്രി വി.ഡി. സതീശൻ വീട്ടിൽ സംസ്‌കാരച്ചടങ്ങുകൾക്ക് മുന്നിൽനിന്നു. അവസാനം മൃതദേഹം ചിതയിലേക്കെടുക്കുന്ന നിമിഷവും ഒട്ടേറെപ്പേരാണ് പ്രിയനടനെ അവസാനമായി കാണാൻ വീട്ടിലേക്ക് ഒഴുകിയെത്തിയത്. ചന്തുവും ആരോമലും ചേർന്ന് ചിതയ്ക്ക് തീക്കൊളുത്തി.
ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, മന്ത്രി പി.സി. വിഷ്ണുനാഥ്, എംഎൽഎമാർ, നടന്മാർ, താരസംഘടനയായ ‘അമ്മ’ ഭാരവാഹികൾ ഉൾപ്പെടെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ പറവൂരിലെ വീട്ടിലെത്തി. ടൗൺഹാളിലെ പൊതുദർശനത്തിന് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്.
അതേസമയം സലിംകുമാറിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഇല്ലാതെയാണ് സംസ്‌കാരച്ചടങ്ങുകൾ നടന്നത്. അസ്ഥി പുഴയിൽ ഒഴുക്കുന്നത് ഉൾപ്പെടെ ചടങ്ങുകൾ വേണ്ടെന്ന് അദ്ദേഹം നിർദേശിച്ചിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു സലിംകുമാറിന്റെ അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. ആരോഗ്യനില വഷളായതിനെത്തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

















































