തിരുവനന്തപുരം: അമ്മയും മകനും സഞ്ചരിച്ച സ്‌കൂട്ടറിന് കുറുകെ തെരുവുനായ ചാടിയുണ്ടായ അപകടത്തിൽ ഗവേഷണ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കോഴിക്കോട് ഇരിങ്ങല്ലൂർ സ്വദേശിയും തുമ്പ വിഎസ്എസ്‌സിയിലെ ഗവേഷണ വിദ്യാർത്ഥിയുമായ അതുൽ (26) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അമ്മ ജിഷയ്ക്കും (51) അപകടത്തിൽ പരുക്കേറ്റു. വ്യാഴാഴ്ച രാത്രി 9.45 മണിയോടെയായിരുന്നു അപകടം.
അമ്മയെ സ്‌കൂട്ടറിന് പിന്നിലിരുത്തി തുമ്പ സ്റ്റേഷൻകടവ് നെഹ്‌റു ജംഗ്ഷനിൽ നിന്നു പോകുന്നതിനിടെ ശാന്തിനഗർ മാർക്കറ്റിന് സമീപത്തു വച്ചാണ് അപകടമുണ്ടായത്. പെട്ടെന്നു റോഡിനു കുറുകേ ചാടിയ നായയെ ഇടിച്ച് സ്‌കൂട്ടർ നിയന്ത്രണം വിട്ട് ഇരുവരും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഉടൻ തന്നെ ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതുലിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
വീഴ്ചയുടെ ആഘാതത്തിൽ അതുലിന്റെ തലയ്ക്കാണു ഗുരുതരമായി പരുക്കേറ്റത്. ചികിത്സയിൽ കഴിയുന്ന അമ്മ ജിഷയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. കോഴിക്കോട് സ്വദേശിയായ അതുൽ വിഎസ്എസ്‌സിയിലെ ഗവേഷണവുമായി ബന്ധപ്പെട്ടാണ് സ്റ്റേഷൻകടവ് നെഹ്‌റു ജംക്ഷനിൽ വാടകയ്ക്കു താമസിക്കുന്നത്.
മകൻ ഒറ്റയ്ക്കായതിനാൽ കുറച്ചു ദിവസം മുൻപാണ് അമ്മ ജിഷ മകനോടൊപ്പം താമസിക്കാനെത്തിയത്. അതുലിന്റെ മൃതദേഹം നിലവിൽ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.



















































