ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (CJP) ആദ്യ പരസ്യ പ്രതിഷേധം നാളെ നടക്കാനിരിക്കെ ഡൽഹിയിൽ പൊലീസ് സുരക്ഷ ശക്തമാക്കി. പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർ വിമാനത്താവളത്തിലേക്ക് എത്തരുതെന്ന് പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കേ അറിയിച്ചു.
അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്ന അഭിജിത് ദീപ്കേ നാളെ രാവിലെ 8 മണിയോടെ ഡൽഹി വിമാനത്താവളത്തിൽ എത്തുമെന്നാണ് വിവരം. ആദ്യം എല്ലാ പിന്തുണക്കാരും വിമാനത്താവളത്തിൽ എത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നെങ്കിലും, പിന്നീട് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ആ തീരുമാനം മാറ്റി. പകരം എല്ലാവരും പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ എത്തണമെന്ന് അഭിജിത് ദീപ്കെ അറിയിച്ചു.
കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് ജന്തർ മന്തറിൽ പ്രതിഷേധം നടത്തുമെന്ന് സംഘടന വ്യക്തമാക്കിയിരിക്കുന്നത്. വിമാനത്താവളത്തിൽ നിന്ന് നേരിട്ട് സ്റ്റേഷനിലെത്തി അനുമതി തേടാനുള്ള ശ്രമവും നടക്കുമെന്നാണ് റിപ്പോർട്ട്.
“വിമാനത്താവളത്തിൽ തന്നെ അറസ്റ്റുണ്ടാകാമെന്നും, എല്ലാം ഭരണഘടനയ്ക്ക് വിടുന്നു” എന്ന നിലപാടാണ് ദീപ്കെ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ജയ് ഭീം എന്ന ഹാഷ്‌ടാഗോടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പ്രതിഷേധം സമാധാനപരമായിരിക്കണമെന്ന് കോക്രോച്ച് ജനതാ പാർട്ടി ആവർത്തിച്ച് വ്യക്തമാക്കി. സിപിഐ അടക്കമുള്ള ഇടത് വിദ്യാർത്ഥി സംഘടനകളും പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സിപിഐ നേതാവ് ആനി രാജ പങ്കെടുക്കുമെന്ന് അറിയിച്ചു.
ഇന്ത്യ എഗൻസ്റ്റ് കറപ്ഷൻ പ്രസ്ഥാനത്തിന്റെ തുടക്കകാലത്തെ ഓർമിപ്പിക്കുന്ന സംഭവമാണിതെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പ്രതികരിച്ചു. എന്നാൽ കോൺഗ്രസ് പ്രതിഷേധത്തിൽ നിന്ന് അകലം പാലിക്കുന്ന നിലപാടാണ് തുടരുന്നത്.
അതേസമയം, പ്രതിഷേധം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയിട്ടുണ്ട്. സുപ്രീംകോടതി നിർദേശങ്ങൾ പാലിക്കണമെന്നും, മുൻകൂർ അനുമതി ഇല്ലാതെ പ്രതിഷേധത്തിന് അനുമതി നൽകാനാകില്ലെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.


















































