തിരുവനന്തപുരം: സംസ്ഥാന സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിൽ കിഫ്ബിയുടെ പ്രവർത്തനങ്ങൾക്കെതിരെയും അതുണ്ടാക്കിയ സാമ്പത്തിക ബാധ്യതകളെയും കുറിച്ചും രൂക്ഷ വിമർശനം. കിഫ്ബി വഴി കഴിഞ്ഞ സർക്കാർ സംസ്ഥാനത്തിന് ആകെ 56,000 കോടി രൂപയുടെ ബാധ്യതയുണ്ടായതായാണ് ധവളപത്രത്തിൽ വ്യക്തമാക്കുന്നത്. ഇതിൽ 21,000 കോടി രൂപ സംസ്ഥാന സർക്കാർ നേരിട്ട് തന്നെ തിരിച്ചടക്കേണ്ട സാഹചര്യമാണുള്ളത്.
അതുപോലെ സർക്കാർ സംവിധാനങ്ങൾക്ക് പുറത്തുള്ള കിഫ്ബി സിഇഒയ്ക്ക് വൻതോതിൽ ഫണ്ട് അനുവദിക്കാനുള്ള അധികാരം നൽകിയത് ചട്ടവിരുദ്ധമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. മോട്ടോർ വാഹന നികുതിയുടെ പകുതിയും പെട്രോളിയം സെസും പൂർണമായി കിഫ്ബിക്ക് മാറ്റിവെച്ചത് ഭരണഘടനാ തത്ത്വങ്ങളുടെ ലംഘനമാണ്. മാത്രമല്ല സംസ്ഥാന സർക്കാർ നേരിട്ടെടുക്കുന്ന വായ്പകളേക്കാൾ 1% മുതൽ 1.5% വരെ ഉയർന്ന പലിശനിരക്കിലാണ് കിഫ്ബി വായ്പകൾ സമാഹരിച്ചത്.
ഇതൊന്നും കൂടാതെ മസാല ബോണ്ട് ഇറക്കിയ വകയിൽ മാത്രം 11 കോടി രൂപയുടെ അമിത ചെലവ് വന്നിട്ടുണ്ടെന്നും, കിഫ്ബി പല രേഖകളും സിഎജി ഓഡിറ്റിന് നൽകാതെ ഒഴിഞ്ഞുമാറിയതായും ധവളപത്രത്തിൽ കുറ്റപ്പെടുത്തുന്നു. അതുപോലെ പദ്ധതി വിതരണത്തിൽ രാഷ്ട്രീയ താൽപര്യങ്ങൾ പ്രതിഫലിച്ചതായും കണ്ണൂർ ജില്ലയ്ക്ക് മാത്രം ആകെ തുകയുടെ 20 ശതമാനത്തിലധികം നൽകിയതായും റിപ്പോർട്ടിൽ ആരോപണമുണ്ട്. കിഫ്ബിയുടെ ഘടന പൂർണമായും പൊളിച്ചെഴുതണമെന്നാണ് ധവളപത്രത്തിലെ പ്രധാന ശുപാർശകളിലൊന്ന്.
അതേസമയം ധവളപത്രത്തിലെ ഈ കടുത്ത വിമർശനങ്ങളെ എൽഡിഎഫ് പാടെ തള്ളിക്കളഞ്ഞു. കിഫ്ബി വഴി വലിയ ബാധ്യതകൾ ഉണ്ടായിട്ടുണ്ടെന്നത് ശരിയാണെങ്കിലും അതിലൂടെ ലക്ഷം കോടിയുടെ ആസ്തികളാണ് സംസ്ഥാനത്ത് നിർമ്മിക്കപ്പെട്ടിട്ടുള്ളതെന്ന് മുൻ ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു. സ്കൂളുകളും റോഡുകളും ആശുപത്രികളും ഉൾപ്പെടെയുള്ള ഈ വികസന ആസ്തികൾ വരുംതലമുറയ്ക്ക് കൂടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.


















































