തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെ സാമൂഹ്യ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയതിന് വീണ്ടും കേസ്. കാക്കി ട്രൗസർ ഇട്ട മുഖ്യമന്ത്രിയുടെ ചിത്രം പ്രചരിപ്പിച്ചതിന് സിപിഎം സൈബർ പോരാളികൾ എന്ന ഫേസ്ബുക്ക് പേജിനെതിരെയാണ് കേസെടുത്തത്. ഡിജിപിക്ക് നൽകിയ പരാതിയിൽ തൃശൂർ സിറ്റി സൈബർ പോലീസാണ് കേസ് എടുത്തത്. യൂത്ത് കോൺഗ്രസ് തൃശൂർ തെക്കുംകര മണ്ഡലം പ്രസിഡന്റ് അനീഷ് കണ്ടംമാട്ടിൽ നൽകിയ പരാതിയിലാണ് നടപടി.
മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട കെഎസ്ആർടിസി ഡ്രൈവറെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ മോർഫ് ചെയ്ത ചിത്രം പോസ്റ്റിലൂടെ പ്രചരിപ്പിച്ച നെടുങ്കണ്ടം യൂണിറ്റിലെ ഡ്രൈവർ എസ്. സുനിൽ കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നത്.
എന്നാൽ മുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട സ്‌കൂൾ പ്രൻസിപ്പലിനെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ മുഖ്യമന്ത്രി വി.ഡി സതീശൻ നിർദേശം നൽകി. ആറ്റിങ്ങൽ മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ എസ്. ജവാദിനെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇന്നലെ സസ്പെൻഡ് ചെയ്തത്. എന്നാൽ ഈ വിഷയത്തിൽ മുഖ്യമന്ത്രിയോ, ഓഫീസോ പരാതി നൽകിയിരുന്നില്ല. പുറമേ നിന്നുളള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സസ്പെൻഷൻ. വിരമിക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് അധ്യാപകനെതിരെ നടപടിയെടുത്തത്. ഈ സാഹചര്യം പരിഗണിച്ചാണ് സസ്പെൻഷൻ പിൻവലിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയത്.


















































