തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തകൂടിക്കാഴ്ച നടത്തിയതിനുശേഷമാണ് പിണറായി വിജയന്റെ വീട്ടിൽ ഇഡി റെയ്ഡ് നടന്നതെന്ന സിപിഎം നേതാക്കളുടെ പ്രചാരണത്തെ പരിഹസിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. ആദ്യമായി മോദിയെ കണ്ട ഉടൻ ആവശ്യപ്പെട്ടത് പിണറായിയുടെ വീട് ഇഡിയെ കൊണ്ട് റെയ്ഡ് ചെയ്യിക്കണമെന്നാണ്. അപ്പോഴേക്കും മോദി ഫോണെടുത്തുവിളിച്ചുവെന്നായിരുന്നു സതീശന്റെ പരിഹാസം. തനിക്ക് മുൻപുള്ള മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയെ ഔദ്യോഗികമായി കണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘ എനിക്ക് മുൻപുണ്ടായിരുന്ന മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയെ കണ്ടിട്ടുണ്ട്. പിണറായി വിജയൻ രണ്ട് തവണ മോദിയെ കണ്ടിട്ടുണ്ട്. ഞാൻ ആദ്യമായാണ് മോദിയെ നേരിൽ കാണുന്നത്. ഞാൻ ഉടനെ പറഞ്ഞു, ഇ.ഡിയെ കൊണ്ട് പിണറായിയുടെ വീട് ഉടൻ റെയ്ഡ് ചെയ്യണം. മോദി അപ്പോൾ തന്നെ ഫോൺ എടുത്ത് കുത്തി. സതീശൻ വന്നിട്ട് ആദ്യമായി ഒരു കാര്യം പറഞ്ഞിരിക്കുകയാണ്. നാളെ രാവിലെ തന്നെ എല്ലാ സ്ഥലത്തും റെയ്ഡ് ചെയ്യണം. അപ്പോൾ ഞാൻ പറഞ്ഞു. ഒരു സ്ഥലത്ത് പോരാ, 12 സ്ഥലത്ത് ചെയ്യണം. അങ്ങനെയാണ് 12 സ്ഥലത്ത് റെയ്ഡ് ചെയ്തത്. ഇത് മുൻ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ മാധ്യമങ്ങളോട് പറയുകയാണ് ഇങ്ങനെ, ഞാൻ ചിരിക്കണോ കരയണോ?’–മുഖ്യമന്ത്രി ചോദിച്ചു.
അതുപോലെ മറ്റാരു പറഞ്ഞാലും തന്നെക്കുറിച്ച് പിണറായി വിജയൻ ഇങ്ങനെയൊന്നും പറയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. തനിക്ക് അദ്ദേഹത്തെക്കുറിച്ച് ഒരു കാഴ്ച്ചപ്പാടുണ്ട്. പക്ഷേ ഇതിൽ ഒരു കാര്യമുണ്ട്. ബലംപിടിത്തം കൂടുതലാണെന്നാണ് കമ്യൂണിസ്റ്റുകാരെക്കുറിച്ച് പണ്ടേയുള്ള പരാതി. അതൊക്കെ അയഞ്ഞ് അവർ തമാശ പറയാൻ തുടങ്ങിയല്ലോ. അതിൽ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
















































