കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ തൊഴിൽ പീഡനാരോപണത്തിൽ വീണ്ടും പരാതിയുമായി ഓഫീസ് ജീവനക്കാരി അതുല്യ രംഗത്ത്. നീനാ കുറുപ്പ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവർക്കെതിരേയാണ് പരാതി. ഇവരുടെ ഫോൺ സംഭാഷണവും പുറത്തുവിട്ട ശബ്ദരേഖകളും ഉൾപ്പെടെ പരാതിക്കൊപ്പം സമർപ്പിച്ചു. പോലീസ് കമ്മിഷണർക്കും ലേബർ ഓഫീസർക്കുമാണ് അതുല്യ പരാതി നൽകിയത്.
സംഭവത്തെക്കുറിച്ച് അതുല്യ മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെ- ‘എന്നെ പുറത്താക്കി എന്ന് പറഞ്ഞ ദിവസം മുതൽ നീനാ കുറുപ്പ് തുരുതുരെ വിളിച്ചു. എന്നെ മോളേ എന്നാണ് വിളിക്കാറ്. ഈ വാശിക്ക് മോള് അടുത്ത ജോലിക്ക് കേറണം എന്ന് പറഞ്ഞു. ഇവർ എന്റെ നമ്പർ കൊടുത്തത് പ്രകാരം എനിക്ക് അറിയാത്ത പല അംഗങ്ങളും എന്നെ ഫോണിൽ വിളിച്ചു. എന്റെ ബയോഡാറ്റ വാങ്ങി. അവരുടെ ധൃതി കാണുമ്പോൾ എന്തോ അസ്വാഭാവികത തോന്നി’.
‘മാത്രമല്ല ഇവരുതന്നെ പല അംഗങ്ങളോടും കുക്കുവും ഉണ്ണിയും ഞങ്ങളുടെ കുട്ടികളാണെന്ന് പറഞ്ഞതായി ഞാനറിഞ്ഞു. ഇതോടെ എന്റെ അടുത്ത നീക്കം എന്താണെന്ന് അറിയാനാണ് ഇവർ വിളിക്കുന്നതെന്ന് മനസിലായി. നീനാ കുറുപ്പും കുക്കുവും ഉണ്ണിയും ഒരു ഗ്രൂപ്പാണെന്ന് എനിക്കറിയാം. ഇത്രയും വലിയൊരു കഥ അവതരിപ്പിച്ചു. സെക്യൂരിറ്റിയെ വിളിച്ചുനിർത്തി സംസാരിച്ചതോടെ അത് പൊളിഞ്ഞതാണ്. കള്ളക്കഥയാണെന്ന് മനസിലായി. എന്നിട്ടുപോലും കുക്കു പരമേശ്വരൻ ഇപ്പോഴും ഓഫീസിൽ കയറി ഇറങ്ങുന്നുണ്ട്. ഞാൻ വീട്ടിലിരിക്കുന്നു’.
അതേസമയം അതുല്യയെ കുടുക്കാൻ ശ്രമം നടന്നുവെന്ന് ആരോപിക്കുന്ന ശബ്ദസന്ദേശവും പുറത്തുവന്നു. അതുല്യക്കെതിരേ ആരോപണം ഉന്നയിക്കാൻ തന്നോട് ആവശ്യപ്പെട്ടുവെന്ന് സെക്യൂരിറ്റി ജീവനക്കാരൻ പറയുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്. തന്നെ അതുല്യ ഹണിട്രാപ്പിൽപ്പെടുത്തിയെന്ന് വരുത്തിത്തീർക്കുന്ന തരത്തിൽ കഥയുണ്ടാക്കാൻ ശ്രമം നടന്നുവെന്നാണ് സെക്യൂരിറ്റി ജീവനക്കാരന്റേതായി പുറത്തുവന്ന ഓഡിയോ സന്ദേശത്തിൽ പറയുന്നത്.
ഇതിനിടെ ഉണ്ണി ശിവപാലിനെ സംരക്ഷിക്കാൻ കുക്കു പരമേശ്വരൻ ഒരു കഥ മെനഞ്ഞ് തന്നെ പുറത്താക്കാൻ ശ്രമിച്ചുവെന്നാണ് അതുല്യ പറയുന്നത്. അതിന്റെ ഭാഗമായി സെക്യൂരിറ്റി ജീവനക്കാരനേയും ചേർത്ത് അപവാദ കഥയുണ്ടാക്കി. അത് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ അവതരിപ്പിക്കാനായിരുന്നു ശ്രമം. പക്ഷേ, ഇങ്ങനെയൊരു കഥ താൻ അറിഞ്ഞില്ലെന്ന് സെക്യൂരിറ്റി പ്രതികരിച്ചതോടെ കഥ പൊളിഞ്ഞുവെന്നും അതുല്യ അവകാശപ്പെട്ടു. ജോലിയിൽ തിരിച്ചെടുത്തെങ്കിലും ഓഫീസിൽ വരാതെ വീട്ടിൽനിന്ന് ‘അമ്മ’യുമായി ബന്ധപ്പെട്ട ചുമതലകൾ നിർവഹിക്കാനായിരുന്നു പ്രസിഡന്റ് ശ്വേതാ മേനോൻ നിർദേശിച്ചതെന്ന് അതുല്യ പറഞ്ഞു. കഴിഞ്ഞ ദിവസം അതുല്യയുടെ ആദ്യപരാതി ‘അമ്മ’ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചേർന്ന് പരിശോധിച്ചിരുന്നു. തുടർന്ന് അതുല്യയെ പിരിച്ചുവിട്ട നടപടി പിൻവലിക്കുകയും ചെയ്തിരുന്നു.
















































