ആലപ്പുഴ: നവജാത ശിശുവിനെ ശുചിമുറിയിലെ ജനലിൽ കൂടി പുറത്തെറിഞ്ഞ സംഭവത്തിൽ അമ്മയുടെ മൊഴിയെടുത്ത് പോലീസ്. സംഭവത്തിൽ പെൺകുട്ടിക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. കാമുകനിൽ നിന്നാണ് താൻ ഗർണിയായതെന്നും പിന്നീട് കാമുകനുമായി അകന്നുവെന്നും പെൺകുട്ടി പോലീസിന് മൊഴി നൽകി. അതേസമയം അവിവാഹിതയായ പെൺകുട്ടി മാനഹാനി ഭയന്ന് കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് എഫ്ഐആർ.
കഴിഞ്ഞ ദിവസമാണ് ഹരിപ്പാട് താലൂക്ക് ആശുപത്രിയിലാണ് പ്രസവിച്ച ഉടനെ 19 കാരി കുഞ്ഞിനെ ജനാലയിലൂടെ പുറത്തെറിഞ്ഞത്. കുട്ടിയുടെ കരച്ചിൽ കേട്ട് ആശുപത്രി ജീവനക്കാർ നടത്തിയ തെരച്ചിലിൽ തെരുവുനായ്ക്കൾക്കിടയിലേക്ക് വീണ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. വലിച്ചെറിഞ്ഞ കുഞ്ഞ് സമീപത്തെ പുല്ലിലേക്ക് വീണതിനാൽ അത്ഭതകരമായി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് യുവതിയേയും കുഞ്ഞിനെയും വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ ഇരുവരും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
അതേസമയം എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു പെൺകുട്ടി. അവധിക്ക് വീട്ടിൽ എത്തും. എന്നാൽ മകൾ ഗർഭിണിയാണെന്ന കാര്യം അച്ഛനും അമ്മയും അറിഞ്ഞിരുന്നില്ല. തിങ്കളാഴ്ച രാത്രി ഒൻപതോടെ കടുത്ത വയറുവേദനയെ തുടർന്നാണ് പെൺകുട്ടി ആശുപത്രിയിലെത്തിയത്. ആശുപത്രിയിൽ നിരീക്ഷണത്തിൽ ഇരിക്കെ പുലർച്ചെയോടെ ശുചിമുറിയിൽ കയറി യുവതി പ്രസവിച്ചു. പിന്നാലെ കുഞ്ഞിൻറെ പൊക്കിൾ കൊടി യുവതി കൈകൊണ്ട് മുറിച്ചു മാറ്റി ശുചിമുറിയുടെ ജനലിലൂടെ കുഞ്ഞിനെ പുറത്തേക്ക് എറിയുകയായിരുന്നു.

















































