കണ്ണൂർ: അകത്ത് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടക്കുമ്പോൾ പുറത്ത് സിപിഎം പ്രവർത്തകരുടെ വെല്ലുവിളിയും പ്രതിഷേധവും. തങ്ങളുടെ പ്രിയ നേതാവിനെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുകയാണെന്ന് ആരോപിച്ച് നിരവധി പ്രവർത്തകരും അനുഭാവികളുമാണ് കണ്ണൂരിലെ പിണറായിയിലെ വീടിന് മുന്നിൽ തടിച്ചുകൂടിയിരിക്കുന്നത്.
വർഷങ്ങളായി തുടരുന്ന രാഷ്ട്രീയ വേട്ടയാടലിന്റെ തുടർച്ചയാണ് ഈ റെയ്ഡെന്നും ഇതിലും വലിയ അടിയന്തരാവസ്ഥ കണ്ടവരാണ് തങ്ങളെന്നും പ്രതിഷേധക്കാർ ആക്രോശിക്കുകയാണ്. ഇഡി ഉദ്യോഗസ്ഥരെ ‘തെമ്മാടികൾ’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടും, ധൈര്യമുണ്ടെങ്കിൽ ഇറങ്ങി വരാൻ വെല്ലുവിളിച്ചുകൊണ്ടും കാലുംകയ്യും തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തിയുമുള്ള കടുത്ത മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാർ മുഴക്കുന്നത്. മാധ്യമങ്ങൾ ഈ വേട്ടയാടലിന് കൂട്ടുനിൽക്കുകയാണെന്നും, ശബ്ദം ഉയർത്തേണ്ട സമയം അതിക്രമിച്ചുവെന്നും പ്രവർത്തകർ ഉച്ചത്തിൽ വിളിച്ചു പറയുന്നു. “തെമ്മാടിത്തരം കാണിച്ചാൽ ഞങ്ങൾ അടങ്ങിയിരിക്കില്ല, കാല് തല്ലിയൊടിക്കും”- എന്നാണ് പ്രവർത്തകർ ആക്രോശിക്കുന്നത്.
അതേസമയം ഈ റെയ്ഡ് ബിജെപിയും കോൺഗ്രസും ചേർന്നുള്ള രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് മുതിർന്ന സിപിഎം നേതാവ് പി. ജയരാജൻ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിൽ കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് പിണറായി വിജയന്റെയും റിയാസിന്റെയും വീടുകളിൽ പരിശോധന നടന്നതെന്ന് ജയരാജൻ ചൂണ്ടിക്കാട്ടി. ബംഗാളിലും ത്രിപുരയിലും സിപിഎമ്മിനെ തകർക്കാൻ സംഘപരിവാർ നടപ്പിലാക്കിയ പദ്ധതിയുടെ തുടർച്ചയാണിതെന്നും അദ്ദേഹം ആരോപിച്ചു. ഇഡി എന്നത് യഥാർത്ഥത്തിൽ സംഘപരിവാറിന്റെ ഒരു ‘എക്സ്ട്രാ ഡിപ്പാർട്ട്‌മെന്റ്’ ആയിട്ടാണ് രാജ്യത്ത് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ റെയ്ഡിലൂടെ കേരളത്തിലെ മതനിരപേക്ഷതയുടെ സംരക്ഷിത തുരുത്തിനെ തകർക്കാനാണ് ശ്രമിക്കുന്നതെന്ന് ജയരാജൻ പറഞ്ഞു. കോൺഗ്രസിനെ വിഴുങ്ങിയ ബിജെപിക്ക് കേരളത്തിൽ ആധിപത്യം ഉറപ്പിക്കണമെങ്കിൽ സിപിഎമ്മിന്റെ തലയറുക്കണമെന്നും ആ ലക്ഷ്യത്തോടെയാണ് ഈ ആസൂത്രിത ശ്രമം നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മോദി സർക്കാർ കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തെ തകർക്കുന്നതിനു വേണ്ടി വളരെ ആസൂത്രിതമായി നടത്തുന്ന നീക്കത്തിന്റെ ഭാഗമാണിതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പറഞ്ഞു. പാർട്ടിയുടെ സമുന്നതനായ നേതാവിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ലക്ഷ്യം വെച്ച് കള്ളക്കേസുകൾ ഉണ്ടാക്കി വേട്ടയാടാനാണ് കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നത്. അങ്ങ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചതിന് സമാനമായ രീതിയിലുള്ള കുതന്ത്രമാണ് ഇപ്പോൾ കേരളത്തിൽ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെജ്രിവാളിനെതിരെയുള്ളത് കള്ളക്കേസാണെന്ന് സുപ്രീം കോടതി തന്നെ നിരീക്ഷിച്ചിട്ടുള്ള പശ്ചാത്തലത്തിൽ, സമാനമായ ഒരു തിരക്കഥയാണ് പിണറായി വിജയനെതിരെയും ഇഡി തയ്യാറാക്കിയിരിക്കുന്നത്. രാഷ്ട്രീയ എതിരാളികളെ നിശബ്ദരാക്കാൻ ഇഡിയെ ഉപയോഗിക്കുന്ന നരേന്ദ്രമോദിയുടെ ഡിസൈനാണ് ഇതിലൂടെ വെളിവാകുന്നത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകർക്കുകയാണ് ഇതിന്റെ അന്തിമ ലക്ഷ്യം. കഴിഞ്ഞ കുറേ തെരഞ്ഞെടുപ്പുകളിലായി ബിജെപിയും കോൺഗ്രസും ചേർന്ന് കേരളത്തിലെ ഇടതുപക്ഷത്തെ തകർക്കാൻ ആസൂത്രിതമായ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഇടതുപക്ഷം നരേന്ദ്രമോദിയുമായി ഒത്തുകളിക്കുന്നു എന്ന തരത്തിലുള്ള പെരും നുണകൾ പ്രചരിപ്പിക്കുന്നത് ഇതിന്റെ ഭാഗമാണ്. കേരളത്തിലെ ഇടതുപക്ഷത്തെ ദുർബലപ്പെടുത്താൻ ബിജെപിയും കോൺഗ്രസും കൈകോർക്കുന്ന സാഹചര്യത്തിൽ, ഇത്തരം രാഷ്ട്രീയ പകപോക്കലുകളെ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും കെകെ രാഗേഷ് പറഞ്ഞു.


















































