തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡിനെതിരെ ശക്തമായ പ്രതികരണവുമായി മുൻ പൊതുമരാമത്ത് മന്ത്രിയും പി.എ.മുഹമ്മദ് റിയാസ്. സംഘപരിവാറിന് മുന്നിൽ കീഴടങ്ങില്ലെന്നും അവസാന ശ്വാസംവരെ പോരാടുമെന്നും റിയാസ് വ്യക്തമാക്കി. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“വളഞ്ഞിട്ടടിച്ചോളൂ. പക്ഷേ സംഘപരിവാറിന് മുന്നിൽ കുമ്പിടില്ല. അവസാന ശ്വാസം വരെയും പോരാടും” — എന്നായിരുന്നു റിയാസിന്റെ കുറിപ്പ്.
റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വസതിയുൾപ്പെടെ മുൻ മുഖ്യമന്ത്രിപിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലെ പിണറായിയിലെയും വീടുകളിലും ഇഡി പരിശോധന നടത്തി വരികയാണ്. രാവിലെ ആറുമണിയോടെയായിരുന്നു റെയ്ഡ് ആരംഭിച്ചത്. പരിശോധന നടക്കുമ്പോൾ റിയാസ് വീട്ടിലില്ലായിരുന്നുവെന്നാണ് വിവരം.
റിയാസിന്റെ ഭാര്യയും വ്യവസായിയുമായവീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കും സിഎംആർഎല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി നടക്കുന്നത്.
സംഭവം രാഷ്ട്രീയമായി വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഭരണകക്ഷിക്കെതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സമ്മർദം ചെലുത്തുകയാണെന്ന ആരോപണവും പ്രതിപക്ഷത്തിന്റെ വിമർശനങ്ങളും ശക്തമാകുന്നതിനിടെയാണ് റിയാസിന്റെ പ്രതികരണം പുറത്തുവന്നത്.


















































