തിരുവനന്തപുരം: പിബി അംഗമായ പിണറായി വിജയനും പാർട്ടിക്കും എതിരായ ഏറ്റവും ഹീനമായ ആക്രമണമാണ് ഇഡി റെയ്ഡെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. അതിനു യുഡിഎഫ് കൂട്ടുനിൽക്കുന്നുവെന്നും എം.എ.ബേബി കുറ്റപ്പെടുത്തി. വീണാ വിജയനെ കുടുക്കുക വഴി പിണറായി വിജയനെ ലക്ഷ്യമിടുന്നുവെന്ന ബോധ്യമുള്ളതുണ്ടൊണ് പാർട്ടി എതിർക്കുന്നതെന്നും എം.എ. ബേബി മാധ്യമങ്ങളോടു പറഞ്ഞു.
‘‘ഇ.ഡി. അന്വേഷണം തുടരാം എന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് എന്നാണ് അവകാശവാദം. പിണറായി വിജയന്റെ മകൾ വീണ നടത്തിയ സോഫ്റ്റ്‌വെയർ കമ്പനി സിഎംആർഎല്ലിനു നൽകിയ സേവനത്തിന് അവർ മാസം തോറും നൽകിയിട്ടുള്ള പ്രതിഫലം അഴിമതിയാണെന്ന് ചിത്രീകരിച്ചാണ് പ്രചാരണങ്ങളും കേസും എസ്എഫ്‌ഐഒ അന്വേഷണവും ഉണ്ടായത്.
പക്ഷെ വീണ അന്വേഷണത്തോടു പൂർണമായി സഹകരിക്കുകയും ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകുകയും ചെയ്തിരുന്നു. അന്വേഷണത്തോടു സഹകരിക്കാത്ത പ്രശ്‌നം ഉണ്ടായിട്ടില്ല. എന്നാൽ അതു തള്ളിക്കളഞ്ഞ് രാഷ്ട്രീയമായ ഗൂഢലക്ഷ്യങ്ങളോടെയാണ് ഇപ്പോൾ പിണറായി വിജയന്റെ വീടുകളിൽ റെയ്ഡ് നടത്തുന്നത്. ഇതിന്റെ പിന്നിലുള്ള ഗൂഢ രാഷ്ട്രീയം സിപിഎം തുറന്നു കാട്ടും. നിയമപരമായ കാര്യങ്ങളുമായി വീണ മുന്നോട്ടു പോകുകയും ചെയ്യും.
അതേസമയം വീണാ വിജയൻ നൽകിയതു പോലെ സേവനങ്ങൾ നൽകാതെ വൻ തുകകൾ സിഎംആർഎല്ലിൽനിന്ന് പല രാഷ്ട്രീയ പ്രമുഖരും കൈപ്പറ്റിയിട്ടുണ്ട്. അത്തരത്തിൽ പണം കൈപ്പറ്റിയ രണ്ടു പ്രമുഖർ ഇപ്പോൾ കേരളത്തിലെ മന്ത്രിമാരാണ്. കൂടുതൽ പേർ ഉണ്ടോ എന്നും അന്വേഷിക്കേണ്ടതാണ്. ഇപ്പോഴത്തെ ഇഡി നീക്കത്തിലൂടെ പിണറായി വിജയനെയോ, സിപിഎമ്മിനെയോ ബുദ്ധിമുട്ടിക്കാം എന്നു കരുതുന്നുണ്ടെങ്കിൽ അവർക്ക് പിണറായിയേയും സിപിഎമ്മിനേയും അറിയില്ലെന്നു മാത്രമേ പറയാൻ കഴിയൂ. ഇന്ദിരാഗാന്ധി ഏർപ്പെടുത്തിയ അടിയന്തരാവസ്ഥയിൽ പൊലീസിന്റെ ക്രൂരമർദനത്തിനു വിധേയനായ ആളാണ് പിണറായി. അത്തരത്തിൽ ഒരുപാട് അനുഭവങ്ങൾ മറികടന്നയാളാണ് അദ്ദേഹം. സിപിഎമ്മിനെതിരെയും അത്തരം ധാരാളം നീക്കങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ അധികാരം ദുരുപയോഗം ചെയ്ത് പല സർക്കാരുകളെയും ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. ഡൽഹിയിൽ അരവിന്ദ് കേജ്‌രിവാളിനെയും സിസോദിയയെും ദീർഘകാലം ജയിലിൽ അടച്ചു. പിന്നീട് കോടതി അവരെ കുറ്റവിമുക്തരാക്കി. ഇത്തരം നീക്കങ്ങൾക്കു യുഡിഎഫും കോൺഗ്രസും കൂട്ടുനിൽക്കുകയാണ്. ഇപ്പോൾ ഈ റെയ്ഡ് നടക്കുമ്പോൾ അവർ സംതൃപ്തരായിട്ടുണ്ടോ എന്നറിയില്ല. എന്തുകൊണ്ടാണ് പിണറായിലെ അറസ്റ്റ് ചെയ്യാത്തത് എന്നാണ് രാഹുൽ ഗാന്ധി കേരളത്തിൽ വന്നപ്പോൾ ചോദിച്ചത്. ഇപ്പോൾ അദ്ദേഹത്തിന് വ്യത്യസ്തമായ അഭിപ്രായം ഉണ്ടോ എന്നാണ് പറയേണ്ടത്’’– എം.എ. ബേബി പ്രതികരിച്ചു.
അതുപോലെ മുൻപ് കോടിയേരി ബാലകൃഷ്ണന്റെ മകന് എതിരെ ആരോപണം വന്നപ്പോഴും സമാനമായ നിലപാടാണ് പാർട്ടി സ്വീകരിച്ചതെന്നും എം.എ.ബേബി പറഞ്ഞു. പിന്നീട് കോടിയേരിയുമായി ഉൾപ്പെടെ ആലോചിച്ചാണ് പാർട്ടിയുമായി ബന്ധപ്പെട്ട കാര്യമല്ലെന്ന വിലയിരുത്തലുണ്ടായത്. ഇപ്പോൾ പിണറായി വിജയനെതിരെ ഉയരുന്ന ആരോപണങ്ങൾ എല്ലാം കെട്ടിച്ചമച്ചതാണെന്നു പാർട്ടിക്കു ബോധ്യമുണ്ടെന്നും ആരോപണങ്ങൾ തെറ്റാണെന്ന് സിഎംആർഎൽ തന്നെ പറഞ്ഞിട്ടുണ്ടെന്നും എം.എ.ബേബി കൂട്ടിച്ചേർത്തു.


















































