കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേരും ചിത്രവും ദുരുപയോഗം ചെയ്ത് സൈബർ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ കേസ്. ഇൻഷുറൻസ് ക്ലെയിം ലഭിക്കുമെന്ന വ്യാജേന പണം തട്ടിയ സംഭവത്തിൽ ആലുവ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു.
വടക്കേക്കര സ്വദേശി ഡെയിൻ ഫ്രാൻസിൽ നിന്ന് 2,499 രൂപയാണ് തട്ടിയെടുത്തത്. ‘ധൻ ധൻ യോജന’ എന്ന പേരിൽ കുടുംബത്തിലെ ഓരോ അംഗത്തിനും 5,000 രൂപ വീതം ഇൻഷുറൻസ് ക്ലെയിം ലഭിക്കുമെന്ന വാഗ്ദാനമാണ് തട്ടിപ്പുകാർ നൽകിയത്.
മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേരും ചിത്രവും ഉപയോഗിച്ചുള്ള പ്രചാരണം ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു നടത്തിയിരുന്നത്. ഇത് വിശ്വസിച്ച് പണം അടച്ചതോടെയാണ് തട്ടിപ്പ് നടന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ ആലുവ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമാനമായ തട്ടിപ്പുകളിൽ വീഴാതിരിക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

















































