കൊച്ചി: സംവിധായകനും രാഷ്ട്രീയ പ്രവർത്തകനുമായ അഖിൽ മാരാർ ട്വന്റി20 പാർട്ടി വിട്ടു. പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യമില്ലെന്നും നിലവിലെ സാഹചര്യത്തിൽ മുന്നോട്ടുപോകാൻ കഴിയില്ലെന്നും വ്യക്തമാക്കിയാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്.
പാർട്ടി അധ്യക്ഷൻ സാബു എം. ജേക്കബിനെതിരെ ഗുരുതര ആരോപണങ്ങളും അഖിൽ മാരാർ ഉന്നയിച്ചു. തെരഞ്ഞെടുപ്പിന് ശേഷം സാബു എം. ജേക്കബ് ഫോൺ വിളിച്ചാൽ പോലും എടുക്കാറില്ലെന്നും അദ്ദേഹം ആരോപിച്ചു.
കൊട്ടാരക്കര മണ്ഡലത്തിൽ മത്സരിക്കാൻ അവസരം നൽകാമെന്ന് ഉറപ്പുനൽകിയാണ് തന്നെ ട്വന്റി20യിലേക്ക് കൊണ്ടുവന്നതെന്നും പിന്നീട് തൃപ്പൂണിത്തുറ സീറ്റ് നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചുവെന്നും അഖിൽ മാരാർ പറഞ്ഞു.
ട്വന്റി20 ഒരു വ്യക്തിയുടെ താൽപര്യങ്ങൾക്കായി മാത്രം പ്രവർത്തിക്കുന്ന പാർട്ടിയായി മാറിയെന്നും, അത്തരമൊരു സാഹചര്യത്തിൽ പാർട്ടിയുമായി സഹകരിച്ച് മുന്നോട്ടുപോകാൻ സാധിക്കില്ലെന്നും അദ്ദേഹം വിമർശിച്ചു. പാർട്ടി വിടാനുള്ള തീരുമാനം ഇതിന്റെ അടിസ്ഥാനത്തിലാണെന്നും അഖിൽ മാരാർ വ്യക്തമാക്കി.






