ആലപ്പുഴ: ട്രെയിൻ എത്തിയിട്ടും റെയിൽവേ ഗേറ്റ് അടയ്ക്കാതെ ഗേറ്റ് കീപ്പര്‍. കഴിഞ്ഞ ദിവസം ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിന് സമീപം ആയാപറമ്പ് ആലിചുവട് ലെവൽ ക്രോസിലായിരുന്നു സംഭവം. ലെവൽക്രോസിലൂടെ വാഹനങ്ങൾ പോകുന്നത് കാണുകയും സിഗ്‌നൽ ലഭിക്കാതാകുകയും ചെയ്തതോടെ ട്രെയിൻ ലെവൽക്രോസിനു സമീപം നിർത്തിയതോടെ വൻ ദുരന്തമാണ് ഒഴിവായത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആലപ്പുഴ ഭാഗത്തുനിന്നും കായംകുളത്തേക്ക് പോകുകയായിരുന്ന ജാംനഗർ-തിരുനെൽവേലി എക്‌സ്പ്രസ് ട്രെയിനാണ് സിഗ്‌നൽ ലഭിക്കാതെ ആറ് മിനിട്ടോളം വഴിയിൽ നിർത്തിയിട്ടത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാർഡ് ഉറങ്ങിപ്പോയതാണ് ഗേറ്റ് അടയ്ക്കാതിരിക്കാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
എന്നാൽ സിഗ്‌നൽ ലഭിച്ചില്ലെന്നാണ് ഗാർഡിന്റെ വിശദീകരണം. ഗേറ്റ് അടയ്ക്കാത്തതിനാൽ ട്രെയിന് മുന്നോട്ട് പോകാനുള്ള സിഗ്‌നൽ ലഭിച്ചില്ല. ഇതിനെത്തുടർന്ന് ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തുകയും തുടർച്ചയായി ഹോൺ മുഴക്കുകയും ചെയ്തു.
സമീപത്ത് മേൽപ്പാലം നിർമാണം നടക്കുന്നതിനാൽ ഹരിപ്പാട് – എടത്വ വഴിയുള്ള ഗതാഗതം ഈ ഇടറോഡിലൂടെയാണ് തിരിച്ചുവിട്ടിരുന്നത്. അതിനാൽ സംഭവസമയത്ത് കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ വലിയ തിരക്ക് ആ ഭാഗത്തുണ്ടായിരുന്നു. ട്രെയിൻ വരുന്നത് കണ്ട് കെഎസ്ആർടിസി ബസ് അടക്കമുള്ള വാഹനങ്ങൾ ട്രാക്കിന് അപ്പുറത്തായി നിർത്തുകയായിരുന്നു.


















































