കൊച്ചി: അട്ടപ്പാടി മധു വധക്കേസിൽ സമൂഹത്തിനും വിചാരണക്കോടതിക്കുമെതിരെ രൂക്ഷ ഭാഷയിൽ വിമർശന ശരങ്ങളുയർത്തി ഹൈക്കോടതി. കേരളത്തിലെ ആദ്യത്തെ ആൾക്കൂട്ട കൊലപാതക കേസിൽ, ഒരു ആദിവാസി യുവാവിനെ വേട്ടയാടി പരസ്യമായി അപമാനിക്കുകയായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. മധു വധക്കേസ് വിചാരണക്കോടതിയിൽ സത്യം തെളിയിക്കപ്പെടാതെ പോയത് തെളിവില്ലാത്തതുകൊണ്ടല്ല, മറിച്ച് വലിയൊരു വിഭാഗം സാക്ഷികൾ കൂട്ടത്തോടെ കൂറുമാറി സത്യത്തിന് നേരെ കണ്ണടച്ചതുകൊണ്ടാണ്. മധുവിന് മനുഷ്യന്റെ അന്തസ് ഇല്ലെന്ന് പ്രതികൾ കരുതിയെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ ഇങ്ങനെ
‘മധുവിന് മനുഷ്യന്റെ അന്തസ് ഇല്ലെന്ന് പ്രതികൾ കരുതി. ആക്രമണത്തിന് സാക്ഷിയായ വലിയൊരു വിഭാഗം സത്യത്തിന് നേരെ കൂട്ടത്തോടെ കണ്ണടച്ചു. സാക്ഷികൾ മറുഭാഗത്തേക്ക് മാത്രം നോക്കാൻ തീരുമാനിച്ചു. ഭരണഘടനാ തത്വം സമൂഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഭരണഘടനാ സംരക്ഷണം ലഭിക്കേണ്ട മധുവിന് ഒരു സംരക്ഷണവും ലഭിച്ചില്ല. ഭരണഘടനാ ആശയങ്ങളും ദളിത് ജനതയുടെ ജീവിത സാഹചര്യവും തമ്മിൽ അന്തരമുണ്ട്’.
അതേസമയം അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ പന്ത്രണ്ട് പ്രതികൾക്കാണ് ഹൈക്കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. ഒരു പ്രതിക്ക് ഒരു വർഷം തടവ് ശിക്ഷയാണ് വിധിച്ചത്. ഒന്നാം പ്രതി ഹുസൈനെ തെളിവുകളുടെ അഭാവത്തിൽ ഹൈക്കോടതി വെറുതെവിട്ടു. നാലാം പ്രതിയെയും 11ാം പ്രതിയെയും വെറുതെവിട്ട വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചു. മറ്റ് 13 പ്രതികളുടെ ശിക്ഷാവിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്.
കുറ്റക്കാരായ 13 പ്രതികൾക്കുമെതിരെ പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമത്തിലെ കുറ്റങ്ങൾ നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമത്തിലെ കുറ്റങ്ങൾ നിലനിൽക്കില്ലെന്ന വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. പ്രതികളുടെ ശിക്ഷാവിധി ഉയർത്തണമെന്ന് സർക്കാരും ആവശ്യപ്പെട്ടിരുന്നു.
മരക്കാർ (രണ്ടാം പ്രതി), ഷംസുദ്ദീൻ (മൂന്നാം പ്രതി), രാധാകൃഷ്ണൻ (അഞ്ചാം പ്രതി), അബൂബക്കർ (ആറാം പ്രതി), സിദ്ധിഖ് (ഏഴാം പ്രതി), ഉബൈദ് (എട്ടാം പ്രതി), നജീബ് (9-ാം പ്രതി), ജൈജുമോൻ (10-ാം പ്രതി), സജീവ് (12-ാം പ്രതി), സതീഷ് (13-ാം പ്രതി), ഹരീഷ് (14-ാം പ്രതി), ബിജു (15-ാം പ്രതി) എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുന്നത്.
അതേസമയം കാട്ടിൽ നിന്ന് പിടിച്ചുകൊണ്ടുവന്ന് മധുവിനെ മുക്കാലി ടൗണിൽ നിർത്തിയ സമയത്ത് അവസാന സമയത്ത് ചവിട്ടിയത് ഹുസൈനാണെന്നും ആ ചവിട്ടിൽ തെറിച്ചുവീണാണ് മധു മരിച്ചതെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. എന്നാൽ താൻ അങ്ങനെ ചെയ്തിട്ടില്ലെന്നും ആൾക്കൂട്ടത്തിനിടയിലാണ് താൻ ഉണ്ടായതെന്നും ഹുസൈൻ വാദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും ഹുസൈൻ ഹാജരാക്കിയിരുന്നു.
2018 ഫെബ്രുവരി 22-നാണ് മുക്കാലിയിൽ മധുവിനെ ഒരുസംഘം മോഷണക്കുറ്റമാരോപിച്ച് കൈകൾ ബന്ധിച്ച് മർദിച്ച് അവശനാക്കിയത്. പിന്നീട് അഗളി പോലീസിന് മധുവിനെ കൈമാറി. പോലിസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്ന വഴിയിൽ മധു മരിച്ചു. മധു വധക്കേസിലെ 16 പ്രതികളിൽ 14 പേരും കുറ്റക്കാരാണെന്ന് വിചാരണ കോടതി നേരത്തെ കണ്ടെത്തിയിരുന്നു. വിചാരണയ്ക്കുശേഷം 2023 ഏപ്രിൽ അഞ്ചിനാണ് ശിക്ഷ വിധിച്ചത്.


















































