അമ്മ സംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നേതൃത്വത്തിനെതിരെ വിമർശനവുമായി നടി ഉഷ ഹസീന. തന്നെയും ജിഹാദി എന്ന് വിളിച്ചിട്ടുണ്ടെന്ന് ഉഷ പറഞ്ഞു. അതാരാണെന്ന് ജനറൽ ബോഡിയിൽ പറയും. താരസംഘടനയിൽ നിറയെ ഗ്രൂപ്പുകളാണ്. അൻസിബയെ സംഘടനയിൽ ഒറ്റപ്പെടുത്തുന്നുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു. “അമ്മയിൽ നടക്കുന്ന വിഷയങ്ങളേക്കുറിച്ച് മുൻപ് അറിഞ്ഞിരുന്നു. അൻസിബയുമായി എപ്പോഴും ആശയവിനിമയും നടത്താറുള്ളതാണ്. സംഘടനാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഓഫീസിലെത്തുന്നത് മുതൽ അൻസിബയെ ഒറ്റപ്പെടുത്തുന്നതിനെക്കുറിച്ച് അറിയാം. സംഘടനയിൽ രണ്ട് ഗ്രൂപ്പുകളാണുള്ളതെന്നാണ് കരുതിയത്.
ഇപ്പോൾ മൂന്ന് ഗ്രൂപ്പുണ്ടെന്നാണ് കേൾക്കുന്നത്. ശ്വേതാ മേനോനും ടിനി ടോമും അടങ്ങുന്നതാണ് ഒരു ഗ്രൂപ്പ്. കുക്കു പരമേശ്വരനും നീന കുറുപ്പും ഉൾപ്പെടുന്നതാണ് രണ്ടാമത്തെ ഗ്രൂപ്പ്. ഇതെല്ലാം കേട്ടുകൊണ്ട് നിൽക്കുന്ന ജയനും ജോയ് മാത്യുവുമൊക്കെയാണ് മൂന്നാമത്തെ ഗ്രൂപ്പിലുള്ളത്. അൻസിബയ്ക്കെതിരെ ടിനി ടോം നടത്തിയ പരാമർശങ്ങൾ കേട്ടെന്ന് നീന കുറുപ്പ് എന്നോടും പറഞ്ഞിരുന്നു. നീന അതിനെല്ലാം സാക്ഷിയാണ്. അമ്മയിലെ ഒരംഗം എന്നെയും ജിഹാദിയെന്ന് വിളിച്ചിട്ടുണ്ട്. അതാരാണെന്ന് ഞാൻ ജനറൽ ബോഡിയിൽ പറയും. ഇതൊക്കെ ചർച്ച ചെയ്യേണ്ടത് സംഘടനയിലാണ്. ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയംഗംതന്നെയാണ് എന്നെയും ആ പേര് വിളിച്ചത്. കഴിഞ്ഞ കുടുംബസംഗമവുമായി ബന്ധപ്പെട്ട് ഒരു സ്പോൺസർഷിപ്പ് വന്നപ്പോൾ മതേതരത്വം പാലിക്കണമെന്ന് അൻസിബ പറഞ്ഞിരുന്നു.
എല്ലാ ജാതിയിലും മതത്തിലും പെട്ടവർ സിനിമയിലുണ്ട്. സംഘടനയിലേക്ക് രാഷ്ട്രീയമോ മതമോ വർഗീയതയോ ഒന്നും കൊണ്ടുവരേണ്ടതില്ലെന്നും സംഭാവന സ്വീകരിക്കുന്നതിനപ്പുറത്തേക്ക് എന്തെങ്കിലും ചെയ്യുന്നത് ശരിയല്ലെന്നും അൻസിബ പറഞ്ഞിരുന്നു. ആ നിലപാടെടുത്തതിന്റെ പേരിലാണ് ആ കുട്ടിക്കെതിരെ ഗൂഢാലോചനകൾ നടന്നതെന്നാണ് എനിക്ക് മനസിലായത്. ഇപ്പോഴത്തെ ഭരണസിമിതി പിരിച്ചുവിട്ടിട്ട് നല്ലൊരു പാനൽ വെയ്ക്കുകയാണ് വേണ്ടത്. ചിലർ ഗ്രൂപ്പുകളുണ്ടാക്കി സംഘടനയെ കുളമാക്കാൻ ചിലർ ശ്രമിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഭരണസമിതി അധികാരത്തിൽവന്ന ശേഷം ആദ്യംതന്നെ പ്രസിഡന്റ് പറഞ്ഞത് അമ്മയിൽനിന്നും പുറത്തുപോയിട്ടുള്ള അതിജീവിത ഉൾപ്പെടെയുള്ള എല്ലാ നടിമാരേയും തിരിച്ചുകൊണ്ടുവരും എന്നാണ്. പിന്നീട് നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ അൻസിബ ഇക്കാര്യം ചോദിച്ചിട്ടുണ്ട്. അമ്മയിലെ ചില അംഗങ്ങൾ ഇതിനെ എതിർത്തു എന്നാണ് പ്രസിഡന്റ് കമ്മിറ്റിയിൽ പറഞ്ഞത്. അതാരാണെന്ന് അറിയേണ്ടിയിരിക്കുന്നു.” ഉഷ പറഞ്ഞു.
















































