ലഖ്നൗ: പശുവിനെ ഇന്ത്യയുടെ “ദേശീയ മൃഗമായി” പ്രഖ്യാപിക്കണമെന്ന ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് (അർഷാദ് മദനി വിഭാഗം) അധ്യക്ഷൻ മൗലാന അർഷാദ് മദനിയുടെ ആവശ്യത്തിന് പിന്തുണയുമായി മുസ്ലിം സംഘടനകള്‍. പശുവിനെ ദേശീയ മൃഗമാക്കുന്നത് വഴി ഗോവധത്തിന്റെ പേരിലുള്ള രാഷ്ട്രീയ ചൂഷണങ്ങൾ തടയാൻ സാധിക്കുമെന്നും പശുവിന്റെ പേരിൽ നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങളും മറ്റ് അക്രമങ്ങളും ഇല്ലാതാക്കാൻ ഇത് സഹായിക്കുമെന്നും ഈ സംഘടനകൾ വ്യക്തമാക്കുന്നു. ഈ വിഷയത്തിൽ മുസ്ലിം സമുദായത്തിനിടയിൽ വലിയൊരു പൊതുസമ്മതി രൂപീകരിക്കാനാണ് ചില സംഘടനകൾ ശ്രമിക്കുന്നത്.
കൂടാതെ ഈ ആവശ്യം പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്താനും അവർ പദ്ധതിയിടുന്നുണ്ട്.ബക്രീദിന് (ഈദുൽ അദ്ഹ) ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് മുസ്ലീം സംഘടനകൾ ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. പശുവിനെ ദേശീയ മൃഗമാക്കണമെന്ന മദനിയുടെ ആവശ്യത്തെ ഓൾ ഇന്ത്യ മുസ്ലിം ജമാഅത്ത് ദേശീയ അധ്യക്ഷൻ മൗലാന ഷഹാബുദ്ദീൻ റസ്‌വി പൂർണ്ണമായി പിന്തുണച്ചു. ഈ വിഷയത്തിൽ വിവിധ മുസ്ലിം സംഘടനകൾക്കിടയിൽ പൊതുധാരണ ഉണ്ടാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇതിനായി പ്രമുഖ സംഘടനകളുടെ യോഗം ഉടൻ ഡൽഹിയിൽ വിളിച്ചുചേർക്കുമെന്നും അദ്ദേഹം അറിയിച്ചു.
അവിടെ വെച്ച് തയ്യാറാക്കുന്ന സംയുക്ത നിവേദനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള രാജ്യത്തെ ഉന്നത നേതൃത്വത്തിന് സമർപ്പിക്കും. ഗവൺമെന്റ് ഈ ആവശ്യം ഉടനടി അംഗീകരിക്കണമെന്നും, ഇത് രാജ്യത്തുടനീളം ഗോവധവുമായി ബന്ധപ്പെട്ട നയങ്ങളിൽ ഏകീകരണം കൊണ്ടുവരുമെന്നും റസ്‌വി അവകാശപ്പെട്ടു. ഇറച്ചി വ്യവസായവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഖുറേഷി സമുദായത്തിന്റെ പ്രമുഖ സംഘടനയായ ഓൾ ഇന്ത്യ ഖുറേഷി ജമാഅത്തിന്റെ അധ്യക്ഷൻ സിറാജ് ഖുറേഷിയും ഈ ആവശ്യത്തെ പരസ്യമായി പിന്തുണച്ചു. ബക്രീദിന് മുന്നോടിയായി ഗോവധ വിഷയം വീണ്ടും രാഷ്ട്രീയ ചർച്ചകളിൽ നിറയുകയാണെന്നും പശ്ചിമ ബംഗാളിലെ സമീപകാല സംഭവങ്ങൾ ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. പശുവിനെ ദേശീയ മൃഗമാക്കാൻ തങ്ങളുടെ സംഘടന മുൻപും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആവശ്യമെങ്കിൽ ഈ വിഷയത്തിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
















































