തിരുവനന്തപുരം: സാമാന്യ മര്യാദയില്ലാതെയുള്ള അപവാദ പ്രചരണങ്ങളാണ് പിണറായി വിജയനെതിരെ നടക്കുന്നതെന്ന് മുൻ മന്ത്രിയും അദ്ദേഹത്തിന്റെ മരുമകനുമായ പി.എ. മുഹമ്മദ് റിയാസ്. പിണറായി വിജയന് ജന്മദിനാശംസകൾ നേർന്നു കൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് റിയാസിന്റെ പ്രതികരണം. ‘‘കോരന്റെ മകനെ അംഗീകരിക്കാനാവാത്ത ഫ്യൂഡൽ വരേണ്യതയും കോർപ്പറേറ്റ് മാധ്യമങ്ങളും നിരന്തരമായി സഖാവിനെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു. പ്രസ്ഥാനത്തിനുമപ്പുറം ഈ മനുഷ്യന് നിലപാടില്ല എന്നത് കൊണ്ടാണ് ഈ ആക്രമണം. മുഖ്യമന്ത്രി പദത്തിൽ ഇരുന്നയാൾ ഉടനെ പ്രതിപക്ഷ നേതാവായത് പുതിയ സംഭവമായാണ് പ്രചരണം. എങ്ങനെ വേണമെങ്കിലും നിങ്ങൾ വളഞ്ഞിട്ടടിച്ചോളൂ. ജനമനസിൽ സഖാവ് അന്നും ഇന്നും എന്നും പോരാട്ടത്തിന്റെ പ്രതീകമാണ്. അവഗണിക്കപ്പെട്ടവരുടെ ശബ്ദമായി ഈ മനുഷ്യൻ ഇനിയുമുണ്ടാകുമെന്ന് റിയാസ് കുറിച്ചു. മെയ് 24ന് പിണറായി വിജയന്റെ 81 -ാം ജന്മദിനമായിരുന്നു.
മുഹമ്മദ് റിയാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
തളരാത്ത മനസ്സിനും പതറാത്ത നിലപാടുകൾക്കും ജന്മദിനാശംസകൾ.
കോരന്റെ മകനെ അംഗീകരിക്കാനാവാത്ത ഫ്യൂഡൽ വരേണ്യതയും കോർപ്പറേറ്റ് മാധ്യമങ്ങളും നിരന്തരമായി സഖാവിനെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു. പ്രസ്ഥാനത്തിനുമപ്പുറം ഈ മനുഷ്യന് നിലപാടില്ല എന്നത് കൊണ്ടാണ് ആക്രമണത്തിന് ഇളവ് നൽകാത്തതെന്നറിയാം. സകല മര്യാദകളും ലംഘിച്ച് അപവാദ പ്രചരണങ്ങൾ തുടർന്നു കൊണ്ടേയിരിക്കുന്നു. വ്യക്തിപരമായി അധിക്ഷേപിച്ച് തകർത്തുകളയാൻ എല്ലാ അടവുകളും പയറ്റിക്കൊണ്ടേയിരിക്കുന്നു. മുഖ്യമന്ത്രി പദത്തിൽ ഇരുന്നയാൾ ഉടനെ പ്രതിപക്ഷ നേതാവായത് എന്തോ പുതിയ സംഭവമായാണ് ഇപ്പോഴുള്ള പ്രചരണം.
സഖാക്കൾ ഇ.എം.എസും ഇ.കെ. നായനാരും വി.എസും ഇങ്ങനെ ആയത് അറിയാത്തവരല്ലല്ലോ ഈ പ്രചാരകർ. ഞങ്ങളെ സംബന്ധിച്ചിടത്തോളം ആര് എന്ത് ചുമതല നിർവഹിക്കണമെന്ന് തീരുമാനിക്കുന്നത് പാർട്ടിയാണ്. ഇനി ഒന്ന് ഓർമിപ്പിച്ചോട്ടെ, യുഡിഎഫിൽ കെ.കരുണാകരനും എ.കെ.ആന്റണിയും ഉമ്മൻചാണ്ടിയും ഇങ്ങനെ ആയതല്ലേ ?
എങ്ങനെ വേണമെങ്കിലും നിങ്ങൾ വളഞ്ഞിട്ടടിച്ചോളൂ പക്ഷേ, ജനമനസിൽ സഖാവ് അന്നും ഇന്നും എന്നും പോരാട്ടത്തിന്റെ പ്രതീകമാണ്.
എക്കാലവും പ്രസ്ഥാനത്തിനുവേണ്ടി മാത്രം നിലകൊണ്ടതിനാണ്, വിട്ടുവീഴ്ചയില്ലാതെ നിലപാടു പറഞ്ഞതിനാണ് ഈ ആക്രമണമെന്ന് അറിയാം. പ്രായമായെന്ന് പറഞ്ഞ് ആക്ഷേപിക്കുന്നവരേ…അവഗണിക്കപ്പെട്ടവരുടെ ശബ്ദമായി ഈ മനുഷ്യൻ ഇനിയുമുണ്ടാകും, കൂടെ പോരാടാൻ ഞങ്ങളും..















































