വാഷിങ്ടൺ: അമേരിക്ക മുന്നോട്ടുവച്ച അഞ്ചു നിബന്ധനകളോടുള്ള ടെഹ്റാന്റെ തണുത്ത പ്രതികരണത്തിൽ ഇറാനെതിരെ പുതിയ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇറാൻ ഉടൻ കരാറിലേക്ക് നീങ്ങുന്നില്ലെങ്കിൽ രാജ്യത്തിന് ഒന്നും ശേഷിക്കില്ല എന്നാണ് ട്രംപിന്റെ പുതിയ മുന്നറിയിപ്പ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ നടത്തിയ പോസ്റ്റിൽ, “ഇറാന്റെ സമയം തീരുകയാണ്. അവർ വേഗത്തിൽ നീങ്ങണം, ഇല്ലെങ്കിൽ അവർക്കൊന്നും ശേഷിക്കില്ല” എന്നും ട്രംപ് കുറിച്ചു.
അതേസമയം പുതിയ ഭീഷണിയിറക്കിയത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ ഫോൺ സംഭാഷണത്തിന് പിന്നാലെയാണ്. ഇരുവരും ഇറാനുമായി വീണ്ടും യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയെക്കുറിച്ച് ചർച്ച ചെയ്തതായും റിപ്പോർട്ടുകൾ പറയുന്നു. ചൈനാ സന്ദർശനത്തിന്റെ വിവരങ്ങളും ട്രംപ് നെതന്യാഹുവിനെ അറിയിച്ചതായാണ് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ട്രംപ് സമാധാന ചർച്ചയ്ക്കായി മുന്നോട്ടുവച്ച അഞ്ച് നിർദേശങ്ങൾ ഇങ്ങനെ- മുൻകാല സാമ്പത്തിക ഉപരോധങ്ങളും നയപരമായ തീരുമാനങ്ങളും മൂലമുണ്ടായ നഷ്ടങ്ങൾക്ക് യാതൊരു വിധത്തിലും നഷ്ടപരിഹാരം നൽകില്ല. ചർച്ചകളുടെ ഭാഗമായി ഇറാൻ സ്വന്തമായി സൂക്ഷിച്ചിരിക്കുന്ന 400 കിലോഗ്രാം സമ്പുഷ്ട യൂറേനിയം അമേരിക്കയ്ക്ക് കൈമാറണമെന്ന ആവശ്യവും ഉയർത്തിയിട്ടുണ്ടെന്ന് ഫാർസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. അതുപോലെ ഇറാന്റെ ആണവ പദ്ധതികളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഒരു ആണവ കേന്ദ്രം മാത്രമേ പ്രവർത്തിക്കാവൂവെന്നും അമേരിക്ക ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
ഇതിനെല്ലാം പുറമെ, വിദേശ രാജ്യങ്ങളിൽ മരവിപ്പിച്ചിട്ടുള്ള ഇറാന്റെ സാമ്പത്തിക ആസ്തികളിൽ നിന്നും 25 ശതമാനം പോലും വിട്ടുനൽകാൻ അമേരിക്ക തയ്യാറല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വിവിധ മേഖലകളിലെ സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതും ചർച്ചകളുടെ പുരോഗതിയുമായി ബന്ധിപ്പിച്ചിരിക്കുകയാണെന്നും, ഇറാൻ എല്ലാ നിബന്ധനകളും അംഗീകരിച്ചാലും അമേരിക്കയുടെയും ഇസ്രായേലിന്റെയും സൈനിക ഭീഷണി തുടരാൻ സാധ്യതയുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, സമാധാനമായി ചർച്ച അവസാനിപ്പിക്കാൻ അമേരിക്ക യാതൊരു സുതാര്യമായ ഇളവുകളും മുന്നോട്ടുവച്ചിട്ടില്ലെന്ന വിമർശനവുമായി ഇറാൻ രംഗത്തെത്തി. യുദ്ധത്തിലൂടെ നേടാനാകാത്ത അനുകൂല്യങ്ങൾ ഓസിനു ചർച്ചകളിലൂടെ നേടാൻ അമേരിക്ക ശ്രമിക്കുകയാണെന്നും, ഇത് ചർച്ചകളെ തളർത്തുമെന്നും മെഹർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ചർച്ചകൾ ആരംഭിക്കാനായി ഇറാൻ അഞ്ച് വിശ്വാസ നിർമാണ നിബന്ധനകളും മുന്നോട്ടുവച്ചിട്ടുണ്ട്. ലെബനൻ ഉൾപ്പെടെയുള്ള മേഖലകളിലെ എല്ലാ സംഘർഷങ്ങളും അവസാനിപ്പിക്കണം, ഇറാനെതിരായ ഉപരോധങ്ങൾ പൂർണമായും നീക്കണം, വിദേശത്ത് മരവിപ്പിച്ചിട്ടുള്ള ഇറാന്റെ നിധികൾ മോചിപ്പിക്കണം, യുദ്ധത്തിൽ ഉണ്ടായ നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണം, ആഗോള എണ്ണ ഗതാഗതത്തിന് നിർണായകമായ ഹോർമുസ് കടലിടുക്കിൽ ഇറാന്റെ പരമാധികാരം അംഗീകരിക്കണം എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.
അതേസമയം ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിലും സമ്മർദ്ദം സൃഷ്ടിക്കുകയാണ്. നവംബർ മാസത്തിലെ മിഡ്‌ടേം തെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് ഇത് ട്രംപിന് ഒരു രാഷ്ട്രീയ വെല്ലുവിളിയായി മാറുന്നുവെന്നാണ് വിലയിരുത്തൽ. ചർച്ചകൾക്ക് അടുത്തറിയുന്ന ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ട്രംപ് ഒരു കരാർ വഴി യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിലും, ഇറാൻ ആണവ പദ്ധതിയിൽ നിന്ന് പിന്മാറാൻ തയ്യാറാകാത്തത് സൈനിക നടപടി വീണ്ടും പരിഗണനയിൽ എത്തിച്ചിരിക്കുകയാണ്.

















































