തിരുവനന്തപുരം: ശിവഗിരി മഠത്തിന്റെ ആവശ്യങ്ങളും പ്രതീക്ഷകളും നിയുക്ത മുഖ്യമന്ത്രിയായവി.ഡി. സതീശനെ നേരിൽ കണ്ട് അറിയിച്ചതായി ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി സച്ചിദാനന്ദ. ശിവഗിരി മഠത്തോടും ശ്രീനാരായണ പ്രസ്ഥാനങ്ങളോടും ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒൻപത് പേർ ഇത്തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നും, അതിൽ യോഗ്യരായ കുറഞ്ഞത് മൂന്നോ നാലോ പേരെയെങ്കിലും മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.
പിന്നാക്കക്ഷേമ വകുപ്പ്, പട്ടികജാതി-പട്ടികവർഗ ക്ഷേമ വകുപ്പ് എന്നിവ മഠവുമായി ബന്ധമുള്ള പ്രതിനിധികൾക്ക് നൽകണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. കൂടാതെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിലും നിയന്ത്രണത്തിലും വ്യക്തമായ മാനദണ്ഡങ്ങൾ വേണമെന്നും ശിവഗിരി മഠം ആവശ്യപ്പെട്ടു.
കേരള കൗമുദി എഡിറ്റോറിയലിൽ ആറുപേർക്ക് മന്ത്രിസ്ഥാനം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും, കുറഞ്ഞത് മൂന്ന് മുതൽ നാല് പേർ വരെ മന്ത്രിസഭയിൽ ഇടം നേടുമെന്ന വലിയ പ്രതീക്ഷ മഠത്തിനുണ്ടെന്നും, ഈ ആവശ്യം മുഖ്യമന്ത്രി പരിഗണിക്കുമെന്ന വിശ്വാസവും സ്വാമി സച്ചിദാനന്ദ പ്രകടിപ്പിച്ചു.
















































