കാസർകോട്: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി മഹിളാ മോർച്ചയുടെ പ്രതിഷേധം. കോഴിക്കോട്, കാസർകോട് കെഎസ്ആർടിസി ടെർമിനലുകളിലായിരുന്നു പ്രധാന പ്രതിഷേധങ്ങൾ അരങ്ങേറിയത്. ബിജെപി-മഹിളാ മോർച്ച പ്രവർത്തകർ ബസുകളിൽ കയറി പ്രതിഷേധിക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
കാസർകോട് കെഎസ്ആർടിസി ടെർമിനൽ ഉപരോധിച്ച നേതാക്കളെയും പ്രവർത്തകരെയും പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. എന്നാൽ അറസ്റ്റ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കി പ്രവർത്തകർ കാസർകോട് ടൗൺ പോലീസ് സ്റ്റേഷനിലേക്കും മാർച്ച് നടത്തി. ജില്ലാ നേതാക്കളെ ഉൾപ്പെടെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്.
മെയ് 15 മുതൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്നായിരുന്നു യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം. ഇന്ന് മെയ് 15 ആയതിനാൽ പ്രഖ്യാപനം ഉടൻ പ്രാബല്യത്തിൽ വരുത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് പുതിയ സർക്കാർ ഇതുവരെ അധികാരമേൽക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധം എന്നതും ശ്രദ്ധേയം.


















































