ചെന്നൈ: തമിഴ്നാട്ടിൽ മദ്യനയത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ട് സർക്കാർ. പ്രായപൂർത്തിയാകാത്തവർക്ക് മദ്യം വിൽക്കുന്നതിനെതിരെ കർശന നടപടിയുമായി മുഖ്യമന്ത്രി വിജയ് മുന്നോട്ട് പോവുകയാണ്. 21 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് മദ്യം നല്കരുതെന്ന സർക്കുലർ സർക്കാർ മദ്യ വിതരണ സ്ഥാപനമായ ടാസ്മാക് പുറത്തിറങ്ങി. 2003 ലെ ചട്ടം കർശനമായി പാലിക്കണം ,ആരുടെയെങ്കിലും പ്രായത്തിൽ സംശയം തോന്നിയാൽ തിരിച്ചറിയൽ രേഖ ആവശ്യപ്പെടണം, വീഴ്ച വരുത്തുന്ന ജീവനക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കും എന്നിങ്ങനെയുള്ള കാര്യങ്ങളാണ് സർക്കുലറിലുള്ളത്.717 മദ്യശാലകൾ അടയ്ക്കാൻ വിജയ് നിർദേശം നൽകിയതിന് പിന്നാലെയാണ് പുതിയ സർക്കുലർ.
തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, കഴിഞ്ഞ ഏതാനും മാസങ്ങളായി സ്കൂൾ-കോളജ് വിദ്യാർഥികളിൽ മദ്യ ഉപയോഗം വർധിക്കുന്നതായി വിവിധ സാമൂഹിക സംഘടനകളും രക്ഷാകർതൃ കൂട്ടായ്മകളും പരാതി ഉയർത്തിയിരുന്നു. പ്രത്യേകിച്ച് നഗരപ്രദേശങ്ങളിലെ ടാസ്മാക് ഔട്ട്‌ലെറ്റുകൾക്കു സമീപം വിദ്യാർഥികളുടെ സാന്നിധ്യം കൂടുന്നതും സോഷ്യൽ മീഡിയയിൽ വൈറലായ ചില ദൃശ്യങ്ങളും സർക്കാരിനെ പ്രതിരോധത്തിലാക്കിയെന്നാണ് വിലയിരുത്തൽ. ഇത്തരമൊരു സാഹചര്യമാണ് പുതിയ തീരുമാനമെടുക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.
സ്ത്രീകളുടെ പ്രതിഷേധമാണ് സർക്കാരിനെ കൂടുതൽ സമ്മർദത്തിലാക്കിയത്. ഗ്രാമപ്രദേശങ്ങളിലും നഗരപരിസരങ്ങളിലും ടാസ്മാക് ഷോപ്പുകൾക്കെതിരെ സ്ത്രീകൾ നിരവധി തവണ സമരവുമായി രംഗത്തെത്തിയിരുന്നു. കുടുംബഹിംസ, സാമ്പത്തിക പ്രതിസന്ധി, യുവാക്കളിലെ ലഹരി പ്രവണത എന്നിവ വർധിക്കുന്നതിന് ടാസ്മാക് ഔട്ട്‌ലെറ്റുകളുടെ വ്യാപനമാണ് കാരണമെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.
അതേസമയം, ടാസ്മാക് സംസ്ഥാന സർക്കാരിന്റെ പ്രധാന വരുമാന സ്രോതസുകളിലൊന്നാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം ആയിരക്കണക്കിന് കോടി രൂപയുടെ വരുമാനമാണ് മദ്യവിൽപ്പനയിലൂടെ ലഭിച്ചത്. അതിനാൽ പൂർണ മദ്യനിരോധനം പ്രായോഗികമല്ലെങ്കിലും, “നിയന്ത്രിത വിൽപ്പന” എന്ന മാതൃകയിലേക്കാണ് സർക്കാർ നീങ്ങുന്നതെന്നാണ് ഭരണകക്ഷി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
രാഷ്ട്രീയപരമായും തീരുമാനം ശ്രദ്ധേയമാണ്. യുവാക്കളെയും സ്ത്രീകളെയും ലക്ഷ്യമിട്ട് സാമൂഹിക ഉത്തരവാദിത്തമുള്ള രാഷ്ട്രീയ ഇമേജ് ശക്തിപ്പെടുത്താനാണ് വിജയിയുടെ ശ്രമമെന്ന വിലയിരുത്തലും ശക്തമാണ്. സിനിമാതാരത്തിൽ നിന്ന് പൂർണകാല രാഷ്ട്രീയനേതാവിലേക്കുള്ള വിജയിയുടെ യാത്രയിൽ ഈ നീക്കങ്ങൾ നിർണായകമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
എന്നാൽ പ്രതിപക്ഷം സർക്കാരിന്റെ നടപടികളെ “ഇമേജ് മാനേജ്മെന്റ്” എന്നാണ് പുതിയ സർക്കാർ നീക്കങ്ങളെ വിമർശിക്കുന്നത്. ടാസ്മാക് വഴി കോടിക്കണക്കിന് രൂപ സമ്പാദിക്കുന്ന സർക്കാർ, ചില കടകൾ അടച്ചുപൂട്ടിയും സർക്കുലറുകൾ ഇറക്കിയും ജനങ്ങളുടെ പ്രതിഷേധം ശമിപ്പിക്കാൻ ശ്രമിക്കുകയാണെന്നാണ് വിമർശനം. ഇതിനിടെ കൂടുതൽ മദ്യശാലകൾ അടയ്ക്കണമെന്ന ആവശ്യം വിവിധ വനിതാ സംഘടനകളും സാമൂഹിക പ്രവർത്തകരും ശക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ സംസ്ഥാനത്തെ 4765 ടാസ്മാക് ഔട്ട്‌ലെറ്റുകളിൽ നിന്ന് 717 എണ്ണം രണ്ടാഴ്ചയ്ക്കകം അടച്ചുപൂട്ടാൻ മുഖ്യമന്ത്രി വിജയ് നിർദേശം നൽകിയതും വലിയ രാഷ്ട്രീയ ചർച്ചയായിട്ടുണ്ട്. ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് സമീപം പ്രവർത്തിക്കുന്ന മദ്യശാലകളാണ് പ്രധാനമായും അടയ്ക്കുക. നിലവിലെ നഗരസഭാ ചട്ടപ്രകാരം 50 മീറ്റർ പരിധിക്കുള്ളിൽ ഇത്തരം ഔട്ട്‌ലെറ്റുകൾ അനുവദനീയമല്ലെങ്കിലും, ഇപ്പോൾ 500 മീറ്റർ പരിധിവരെ വ്യാപക പരിശോധന നടത്താനാണ് തീരുമാനം.
















































