ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് കെസി വോണുഗോപാലിനെ പിന്തുണയ്ക്കുന്നുവെന്ന സൂചനകൾ കോൺഗ്രസ് വൃത്തങ്ങളിൽ നിന്ന് പുറത്തുവന്നു. കെസിയെ മുഖ്യമന്ത്രിയാക്കാൻ പാർട്ടി പ്രവർത്തകരെയും നേതാക്കളെയും അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഏകോപിപ്പിക്കാനാണ് ശ്രമമെന്നു വിശ്വസനീയമായ വൃത്തങ്ങൾ അറിയിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
മാത്രമല്ല പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ഡൽഹിയിലെ വസതിയിൽ ഔദ്യോഗിക യോഗം നടക്കുന്നതിന് മുമ്പ് രാഹുൽ ഗാന്ധി വേണുഗോപാലുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുണ്ട്. ഇതിനിടെ, വേണുഗോപാലിനെ വിമർശിക്കുന്ന പോസ്റ്ററുകൾ ഉയർന്നതും, അതിന് പിന്നിൽ വി ഡി സതീശൻ അനുയായികളുണ്ടെന്ന ആരോപണവും ഉയർന്നു.
കൂടാതെ യോഗത്തിൽ പങ്കെടുത്ത സതീശനോട് ഇക്കാര്യത്തെക്കുറിച്ച് രാഹുൽ ഗാന്ധി നേരിട്ട് ചോദിച്ചപ്പോൾ, വേണുഗോപാൽ മുഖ്യമന്ത്രിയാകുന്നതിനെതിരെ താൻ നിലപാട് സ്വീകരിക്കുന്നതായി സതീശൻ സമ്മതിച്ചതായാണ് വിവരം. കോൺഗ്രസ് ജനറൽ സെക്രട്ടറി സ്ഥാനത്ത് ഇരിക്കുന്ന വേണുഗോപാൽ എംഎൽഎമാരെ സമ്മർദ്ദത്തിലാക്കി ഗ്രൂപ്പുകൾ രൂപീകരിക്കാൻ ശ്രമിച്ചുവെന്നാണ് സതീശന്റെ ആരോപണം. താൻ പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ എല്ലാരെയും കൂട്ടിക്കൊണ്ടുപോയതായും അദ്ദേഹം വ്യക്തമാക്കി.
നേന്മറ, കഴക്കൂട്ടം, വടക്കാഞ്ചേരി, നെടുമങ്ങാട്, ചേർത്തല എന്നിവിടങ്ങളിൽ വേണുഗോപാൽ നിർദ്ദേശിച്ച സ്ഥാനാർത്ഥികൾ കാരണം പാർട്ടിക്ക് കൂടുതൽ സീറ്റുകൾ നഷ്ടമായെന്നാണ് സതീശൻ കേന്ദ്ര നേതൃത്വത്തോട് പറഞ്ഞതായും വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
അതേസമയം മുഖ്യമന്ത്രി പദത്തിനായുള്ള പോരാട്ടത്തിൽ വേണുഗോപാൽ മുന്നിലുള്ളതായി വിലയിരുത്തപ്പെടുമ്പോഴും, കേന്ദ്ര നേതാവിനെ തെരഞ്ഞെടുക്കണോ, സംസ്ഥാനതലത്തിൽ ശക്തമായ അടിത്തറയുള്ള നേതാവിനെ തെരഞ്ഞെടുക്കണോയെന്ന ആശയക്കുഴപ്പം കോൺഗ്രസിന് മുന്നിലുണ്ടെന്നും എൻഡിടിവി പറയുന്നു. സതീശനും രമേശ് ചെന്നിത്തലയും സംസ്ഥാനത്ത് ശക്തമായ സ്വാധീനമുള്ള നേതാക്കളാണ്. സതീശന് കോൺഗ്രസിന്റെ സഖ്യകക്ഷിയായ ഐയുഎംഎല്ലിന്റെ പിന്തുണയും ലഭിക്കുന്നുണ്ട്.
140 അംഗ നിയമസഭയിൽ കോൺഗ്രസിന് 63 സീറ്റുകളും, IUML-ക്ക് 22 സീറ്റുകളും, കേരള കോൺഗ്രസിന് 8 സീറ്റുകളും, ആർഎസ്പിക്ക് 3 സീറ്റുകളും ലഭിച്ചിട്ടുണ്ട്. ഇതോടെ യുഡിഎഫ് ആകെ 102 സീറ്റുകൾ നേടി രണ്ട് മൂന്നാംഭാഗം ഭൂരിപക്ഷം ഉറപ്പാക്കിയിരിക്കുകയാണ്. ഇതിനിടെ, പ്രതിപക്ഷ നേതാവായിരുന്ന സതീശൻ, എൽ.ഡി.എഫ് സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള അടിത്തറ പാകുന്നതിൽ നിർണായക പങ്കുവഹിച്ചുവെന്നാണ് കോൺഗ്രസ് നേതാക്കൾ വിലയിരുത്തുന്നത്. ഇതും ആശയക്കുഴപ്പം കൂട്ടന്നു. അതേസമയം മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് ഇന്നുണ്ടാകില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്.

















































