ചെന്നൈ: മുന്നണിക്കൊപ്പം നിന്നു വിജയിച്ച കോൺഗ്രസിനെതിരെ വിമർശനവുമായി ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. എക്സിൽ പങ്കുവച്ച കുറിപ്പിലാണ് സ്റ്റാലിൻ കോൺഗ്രസിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. മുന്നണിയുടെ ഭാഗമായി ജയിച്ച കോൺഗ്രസ് എംഎൽഎമാർ നന്ദി പറയാൻ പോലും ഡിഎംകെ ആസ്ഥാനത്ത് എത്തിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം കമ്മ്യൂണിസ്റ്റുകാർ അവരുടെ വിശ്വാസവും സൗഹൃദബോധവും പ്രകടിപ്പിച്ചുവെന്നും സ്റ്റാലിൻ കുറിപ്പിൽ പറയുന്നു. നിർണായക ഘട്ടത്തിൽ തങ്ങളോടൊപ്പം ഉറച്ച് നിന്ന ലീഗടക്കമുള്ളവരോടും സ്റ്റാലിൻ നന്ദി പറഞ്ഞു.
‘സഖ്യത്തിൽ ഒപ്പം നിന്ന് മത്സരിച്ച് ജയിച്ച് കോൺഗ്രസ് എംഎൽഎമാർ നന്ദി പറയാൻ പോലും വന്നില്ല. അന്നേ ദിവസം തന്നെ അവർ ഡിഎംകെയുമായുള്ള ബന്ധം ഉപേക്ഷിച്ച് മുമ്പോട്ട് പോയി. അതേസമയം, കമ്മ്യൂണിസ്റ്റ് നേതാക്കൾ സഖാവ്, ഷൺമുഖം, സഖാവ് വീരപാണ്ഡ്യൻ, വിസികെ പാർട്ടി നേതാവ് തിരുമാവളവൻ എന്നിവർ ഡിഎംകെയ്ക്കൊപ്പം നിൽക്കുമെന്നും ഒന്നിച്ച് നിന്ന് തമിഴ്നാടിനും ജനക്ഷേമത്തിന് വേണ്ടിയും പോരാടുമെന്ന് അറിയിച്ചു. ഡിഎംകെയോടുള്ള വിശ്വാസവും സൗഹൃദബോധവും പ്രകടിപ്പിക്കുകയായിരുന്നു ഇതിലൂടെ അവർ ചെയ്തത്’- സ്റ്റാലിൻ കുറിച്ചു.
അതുപോലെ പുതിയ സർക്കാർ രൂപീകരണത്തിന് ഞങ്ങൾ തടസമായി നിൽക്കില്ല. മികച്ച പ്രതിപക്ഷമായി പ്രവർത്തിക്കും. ഡിഎംകെയ്ക്ക് തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടാനായില്ലെങ്കിലും മികച്ച വോട്ടുകൾ നേടാനായെന്നും സ്റ്റാലിൻ പറഞ്ഞു. തങ്ങളുടെ സഖ്യകക്ഷികൾ എടുക്കുന്ന ഏത് തീരുമാനത്തെയും ബഹുമാനിക്കുമെന്നും മറ്റൊരു തെരഞ്ഞെടുപ്പിന് വഴിയൊരുക്കാതെ സ്ഥിരതയുള്ള സർക്കാർ രൂപീകരണം ഉറപ്പാക്കാനായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 5 വർഷം ഡിഎംകെ സർക്കാർ അവതരിപ്പിച്ച പുതിയ പദ്ധതികൾ പുതിയ സർക്കാർ തുടരണമെന്നും അദ്ദേഹം എക്സിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.

















































