കോട്ടയം: ബെംഗളൂരുവിൽ തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ വാടാനപ്പള്ളി സ്വദേശി സുനിത (47) നേരിട്ടത് ക്രൂരമർദനം. അബോധാവസ്ഥയിലായ സുനിതയെ ബെംഗളൂരുവിൽ നിന്ന് ഇന്നലെ വെന്റിലേറ്റർ സംവിധാനമുള്ള ആംബുലൻസിൽ തൃശൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുനിതയ്ക്കൊപ്പം കയ്പമംഗലം സ്വദേശിയായ യുവതിയും സുനിതയുടെ അനുജത്തിയുടെ മകളും ബെംഗളൂരുവിലെ തെരുവുനായകളെ പാർപ്പിക്കുന്ന കേന്ദ്രത്തിലുണ്ടായിരുന്നു.
കൂടെയുണ്ടായിരുന്നവരെ കത്തി കാണിച്ച് ദീപക്ക് ഭീഷണിപ്പെടുത്തിയെന്നും നിന്നെ പിന്നെ എടുത്തോളാമെന്ന് ദീപക്ക് പറഞ്ഞെന്നും സുനിതയുടെ അനുജത്തിയുടെ മകൾ പറഞ്ഞു. ദീപക്ക് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത് ബെംഗളൂരു പൊലീസിന്റെ അനാസ്ഥ കൊണ്ടാണെന്നും ക്രൂര മർദനത്തെ പറ്റി പറഞ്ഞിട്ടും അവർ ഒന്നും കാര്യമാക്കിയില്ലെന്നും പെൺകുട്ടി പറഞ്ഞു. ബെംഗളൂരുവിൽ സുനിത അനുഭവിച്ച കൊടിയ പീഡനത്തെപറ്റി പതിനാറുകാരിയായ പെൺകുട്ടി തുറന്നു പറയുന്നു. അവിടെ എത്തിയ ആദ്യ ദിവസങ്ങളിലൊന്നും യാതൊരു വിധ പ്രശ്നവുമുണ്ടായിരുന്നില്ല. രണ്ട് ദിവസം കഴിഞ്ഞപ്പോൾ പിന്നെ ദീപക്ക് മദ്യപിച്ച് വന്ന് പ്രശ്നമുണ്ടാക്കാനെല്ലാം തുടങ്ങി. ഒരു വീട്ടിൽ തന്നെയായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. വീട് രണ്ട് ഭാഗമാക്കി ഒരു ഭാഗത്ത് അയാളും മറ്റൊരു ഭാഗത്ത് ഞങ്ങൾ മൂന്നുപേരുമാണ് താമസിച്ചിരുന്നത്. വല്യമ്മയ്ക്ക് (സുനിത) അയാളെ പേടിയില്ല എന്നതാണ് ഉപദ്രവിക്കാനുള്ള പ്രധാനകാരണം. ദീപക് മോശമായി പെരുമാറാൻ തുടങ്ങിയപ്പോൾ ജോലി മതിയാക്കുകയാണെന്ന് അറിയിച്ചു. ബുധനാഴ്ച വീട്ടിൽ പോകണമെന്ന് വല്യമ്മ ദീപക്കിനോട് പറഞ്ഞിരുന്നു. ആദ്യമൊക്കെ അയാൾ അത് സമ്മതിച്ചു.
എന്നാൽ മദ്യപിച്ച് എത്തിയപ്പോൾ അയാൾ അത് എതിർത്തു. പക്ഷേ, ആ എതിർപ്പ് വകവെക്കാതെ താൻ നാട്ടിൽ പോകും എന്ന് വല്യമ്മ പറഞ്ഞത് ദീപക്കിനെ ചൊടിപ്പിച്ചു. ‘എന്തിനാടി നീ പോകുന്നത്’ എന്നാണ് അയാൾ ചോദിച്ചത്. അയാളോട് ആരും ദേഷ്യപ്പെട്ട് സംസാരിക്കുന്നത് ദീപക്കിന് ഇഷ്ടമല്ല. പിന്നാലെയാണ് വല്യമ്മയെ അയാൾ ഉപദ്രവിക്കാൻ തുടങ്ങിയത്.വല്യമ്മയെ ഉപദ്രവിക്കുമ്പോൾ ഞങ്ങൾ അവിടെ തന്നെയുണ്ടായിരുന്നു. പിടിച്ച് മാറ്റാൻ ശ്രമിച്ച ഞങ്ങളെ അയാൾ ഭീഷണിപ്പെടുത്തി. കത്തിയും കയ്യിൽ കരുതിയായിരുന്നു ദീപക്കിന്റെ നിൽപ്. ഇടപെട്ടപ്പോൾ കത്തി കാണിച്ചാണ് ഭീഷണിപ്പെടുത്തിയത്. ‘നിന്നെ പിന്നെ എടുത്തോളാം 18 വയസ്സാകട്ടെ’ എന്നാണ് അയാൾ പറഞ്ഞത്.
രാത്രി ഏതാണ്ട് ഏഴെട്ട് മണിയോടെയാണ് ദീപക്ക് ഞങ്ങളുടെ അടുത്ത് എത്തിയത്. വല്യമ്മയെ ഒരുപാട് മർദിച്ചു. കുറേനേരം നെഞ്ചത്ത് ചവിട്ടി, തലമുടി പിടിച്ച് വലിച്ചു, കൂടാതെ തല അലമാരയ്ക്കിട്ട് ഇടിക്കുകയും ചെയ്തു. കുറെനേരം മർദിച്ചതിന് ശേഷം അയാൾ അവിടെ നിന്ന് പോയി. കുറച്ച് സമയത്തിന് ശേഷം രണ്ട് സുഹൃത്തുക്കളുമായി വീണ്ടും തിരിച്ചെത്തി. പിന്നാലെ വീണ്ടും മർദിച്ചു. സോറി എന്നും ഞങ്ങൾ ഇവിടെ തന്നെ നിന്നോളാമെന്നും അയാളോട് അപേക്ഷിച്ചിട്ടും അതൊന്നും അയാൾ കൂട്ടാക്കിയില്ല. ‘ഇനി നിങ്ങളൊന്നും നിക്കണ്ടടി, നിങ്ങൾ ജയിലിൽ പോകും’ എന്ന് ആക്രോശിച്ചാണ് അയാൾ വീണ്ടും വല്യമ്മയെ മർദിച്ചു. അടിയേറ്റ് വല്യമ്മയുടെ ബോധം പോയപ്പോൾ അവൾ അഭിനയിക്കുകയാണ്, ഉറങ്ങുകയാണ് എന്നെല്ലാമാണ് അയാൾ പറഞ്ഞത്.

















































