തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്രത്തോളം വലിയ തോൽവി പ്രതീക്ഷിച്ചിരുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ വെളിപ്പെടുത്തൽ. പരാജയം എന്നും പരാജയമാണെന്നും പരാജയമാണെന്നും അതിന് മറ്റൊരു പേരില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. എന്നുവച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയും ഇടതുപക്ഷവും കളമൊഴിയാനോ മാറത്തടിച്ച് നിലവിളിക്കാനോ പോകുന്നില്ലെന്നും പാഠങ്ങൾ പഠിച്ച് മാറ്റങ്ങൾ വരുത്തി മുന്നോട്ടു പോകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
‘ഇതൊരു പരാജയമാണ്. അതിന് വേറൊരു പേരില്ല. പേരൊന്ന് മാത്രം. പരാജയം. അങ്ങനെ സംഭവിച്ചാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും ഇടതുപക്ഷവും കളമൊഴിഞ്ഞ് പോകുന്നില്ല. മാറത്തടിച്ച് നിലവിളിക്കാനും പോകുന്നില്ല. ഞങ്ങൾ അതിൽ നിന്ന് പാഠങ്ങൾ പഠിക്കും. എവിടെയാണ് വീഴ്ച്ചയുണ്ടായതെന്ന് പരിശോധിക്കും. മാറ്റങ്ങൾ വരുത്തും. തിരുത്തലുകൾ വരുത്തും. കമ്മ്യൂണിസ്റ്റ് പാർട്ടിക്കും ഇടതുപക്ഷത്തിനും മുന്നോട്ടേ പോകാനാവൂ. ജനങ്ങൾക്കൊപ്പം ഉണ്ടാകും’- ബിനോയ് വിശ്വം പറഞ്ഞു.
മാത്രമല്ല തെരഞ്ഞെടുപ്പിൽ പ്രതീക്ഷയ്ക്ക് അതീതമായ ഫലമാണ് ഉണ്ടായതെന്നും അതിനെപ്പറ്റി ഗൗരവമായി പഠിക്കേണ്ടതുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. എല്ലാ തലങ്ങളും പരിശോധിച്ച് വിലയിരുത്തുമെന്നും എല്ലാ ജില്ലകളിലും പാർട്ടി കമ്മിറ്റി കൂടുമെന്നും അദ്ദേഹം വ്യക്തമാക്കി. ശേഷം സംസ്ഥാന കൗൺസിൽ യോഗം ചേർന്ന് പാർട്ടി വേണ്ട മാറ്റങ്ങൾ വരുത്തി മുന്നോട്ടുപോകുമെന്നും ബിനോയ് വിശ്വം പറഞ്ഞു. ‘ഞങ്ങൾ കാണാത്തൊരു അടി ഉണ്ടായിട്ടുണ്ട്. ഇടതുപക്ഷത്തെ ഒരു പാർട്ടിയും മുൻകൂട്ടിക്കാണാത്ത അടിയൊഴുക്കുണ്ടായിട്ടുണ്ട്. അതേപ്പറ്റി പഠിക്കണം’- അദ്ദേഹം പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് ബിജെപിക്ക് മൂന്നിടങ്ങളിൽ വിജയമുണ്ടായത് വലിയൊരു വിപത്താണെന്നും ബിജെപിക്ക് ആറിടങ്ങളിൽ രണ്ടാം സ്ഥാനമുണ്ടെന്നത് ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. ‘കേരള രാഷ്ട്രീയത്തിൽ 3 സീറ്റ് വാങ്ങി ബിജെപി അധികാരത്തിൽ എത്തിയത് വലിയൊരു വിപത്താണ്. അത് ഗൗരവമായി കാണേണ്ടതുണ്ട്. അവർക്ക് ആറിടത്ത് രണ്ടാം സ്ഥാനമുണ്ട്. അത് വെല്ലുവിളിയാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ തീവ്ര വലതുപക്ഷത്തിന്റെ രാഷ്ട്രീയത്തിന് വ്യാപകമായി ഫലമുണ്ടാകുന്നുണ്ട്. അതിനെതിരെ ഇടതുപക്ഷവും മതേതരശക്തികളും ശക്തമായ പോരാട്ടം നടത്തേണ്ടതുണ്ട്’- ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.


















































