വാഷിങ്ടൺ: ഇറാൻ മുന്നോട്ടുവെച്ച പുതിയ ചർച്ചാ നിർദേശങ്ങൾ നിരസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. നിലവിലെ പ്രതിസന്ധി അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഇറാന്റെ ഏറ്റവും പുതിയ ചർച്ചാ നിർദേശത്തിൽ താൻ ഒട്ടും തൃപ്തനല്ലെന്ന് ട്രംപ് വ്യക്തമാക്കി. പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ സമർപ്പിക്കപ്പെട്ട നിർദേശങ്ങൾ തനിക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത നിബന്ധനകൾ അടങ്ങിയതാണ് എന്നാണ് ട്രംപ് പറയുന്നത്.
അതേസമയം മേഖലയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിലും ഇറാന്റെ ആണവ പദ്ധതികളെ ശക്തമായി എതിർക്കുമെന്ന നിലപാടിലാണ് അമേരിക്ക. ഇതിനിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ തർക്കം അന്താരാഷ്ട്ര എണ്ണവിലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഒരു സൈഡിൽ നയതന്ത്രപരമായ നീക്കങ്ങൾ നടക്കുന്നുണ്ടെങ്കിലും, മറുസൈഡിൽ സൈനികമായ തിരിച്ചടി നൽകാനുള്ള സാധ്യതയും അമേരിക്ക തള്ളിക്കളയുന്നില്ല.
കഴിഞ്ഞ ദിവസം പാക്കിസ്ഥാന മധ്യസ്ഥതയിലൂടെ ഇറാൻ പുതിയ ചർച്ചാ വാഗ്ദാനം സമർപ്പിച്ചത് ഒരു വഴിത്തിരിവിനുള്ള ചെറിയ പ്രതീക്ഷകൾ നൽകിയിരുന്നു. എന്നാൽ തനിക്ക് അംഗീകരിക്കാൻ കഴിയാത്ത ആനുകൂല്യങ്ങളാണ് ഇറാൻ ആവശ്യപ്പെടുന്നതെന്ന് ട്രംപ് വ്യക്തമാക്കുകയായിരുന്നു.
‘അവർക്ക് (ഇറാന്) ഒരു കരാറിൽ ഏർപ്പെടാൻ താൽപര്യമുണ്ട്, പക്ഷേ… എനിക്ക് അതിൽ തൃപ്തിയില്ല. ഇറാന്റെ സൈനിക ബലം ഏറെക്കുറെ തകർന്ന അവസ്ഥയിലാണ്, അതുകൊണ്ടാണ് അവർ കരാറിന് ശ്രമിക്കുന്നത്.’ വൈറ്റ് ഹൗസിൽ നിന്ന് ഫ്‌ളോറിഡയിലേക്ക് തിരിക്കുന്നതിന് മുമ്പ് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇറാന്റെ നേതൃത്വം ‘ചിതറിക്കിടക്കുന്ന അവസ്ഥയിലാണെന്നും’ അത് ‘രണ്ടോ മൂന്നോ ഗ്രൂപ്പുകളായി’ വിഭജിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മാത്രമല്ല ഇറാനെ ആണവായുധം വികസിപ്പിക്കാൻ അനുവദിക്കില്ലെന്ന തന്റെ നിലപാട് ട്രംപ് വീണ്ടും ആവർത്തിച്ചു. യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള തങ്ങളുടെ അവകാശം യുഎസ് അംഗീകരിക്കണമെന്ന് ഇറാൻ ദീർഘകാലമായി ആവശ്യപ്പെടുന്നുണ്ട്. സമാധാനപരമായ ആവശ്യങ്ങൾക്കായി മാത്രമാണ് ഇതെന്ന് ഇറാൻ അവകാശപ്പെടുമ്പോഴും, ഇത് ആണവായുധങ്ങൾ നിർമ്മിക്കാനുള്ള ശ്രമമാണെന്നാണ് പാശ്ചാത്യ രാജ്യങ്ങൾ വ്യക്തമാക്കുന്നത്.
ഇനി മുന്നോട്ട് എന്ത് എന്ന ചോദ്യത്തിന്, ‘നമുക്ക് പോയി അവരെ ആക്രമിച്ച് എന്നെന്നേക്കുമായി തീർക്കണോ? അതോ ഒരു കരാറിന് ശ്രമിക്കണോ?’ എന്നാണ് വെള്ളിയാഴ്ച ട്രംപ് പ്രതികരിച്ചത്. അവരെ തകർക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, ‘മനുഷ്യാവകാശത്തിന്റെ അടിസ്ഥാനത്തിൽ, ഞാൻ അത് ഇഷ്ടപ്പെടുന്നില്ല’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
പ്രതിസന്ധി പരിഹരിക്കാനുള്ള പാക് മധ്യസ്ഥ ശ്രമങ്ങളെ പ്രശംസിച്ച യുഎസ് പ്രസിഡന്റ്, ഫോണിലൂടെയുള്ള ചർച്ചകൾ തുടരുകയാണെന്നും അറിയിച്ചു. ‘അവർ (ഇറാൻ) പുരോഗതി കൈവരിച്ചിട്ടുണ്ട്, പക്ഷേ അവർ ലക്ഷ്യത്തിലെത്തുമോ എന്ന് എനിക്ക് ഉറപ്പില്ല. എനിക്ക് അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളാണ് അവർ ചോദിക്കുന്നത്,’ ട്രംപ് പറഞ്ഞു
എന്നാൽ യുഎസ് ഭീഷണിപ്പെടുത്തുന്ന സംസാര രീതികളും, പ്രകോപനപരമായ നടപടികളും ഉപേക്ഷിക്കുകയാണെങ്കിൽ നയതന്ത്രത്തിന് തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഏത് ഭീഷണിക്കെതിരെയും രാജ്യത്തെ സംരക്ഷിക്കാൻ ഇറാന്റെ സായുധ സേന സജ്ജമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
യുഎസ്, ഇസ്രയേൽ, ഇറാൻ – ഉൾപ്പെട്ട മാസങ്ങൾ നീണ്ട സൈനിക സംഘർഷത്തിന് ശേഷം ഉണ്ടായ വെടിനിർത്തൽ സ്ഥിരപ്പെടുത്താനുള്ള നിർണ്ണായകമായ നയതന്ത്ര ശ്രമങ്ങൾക്കിടയിലാണ് ട്രംപിന്റെ ഈ പരാമർശങ്ങൾ വരുന്നത്. ഇറാന്റെ ആണവ പരിപാടി, ഉപരോധങ്ങൾ നീക്കൽ, ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട തർക്കങ്ങൾ തുടരുന്നതിനാൽ, പാക്കിസ്ഥാൻ വഴിയുള്ള ചർച്ചകൾ ഏതെങ്കിലും തരത്തിലുള്ള വഴിത്തിരിവിലെത്താൻ പ്രയാസപ്പെടുകയാണെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്.


















































