ചെന്നൈ: ഇൻസ്റ്റഗ്രാം കണ്ടന്റ് ക്രിയേറ്ററും സംരംഭകയുമായ യുവതിയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. ചെന്നൈ നങ്കനല്ലൂർ സ്വദേശിനിയും ‘ശ്രീ സായ് സിൽക്ക്‌സ്’ എന്ന സാരി സ്‌റ്റോർ ഉടമയുമായ നാഗലക്ഷ്മി(42)യാണ് ചെന്നൈയിലെ വീട്ടിൽവെച്ച് കൊല്ലപ്പെട്ടത്.
നാഗലക്ഷ്മിയെ കൊലപ്പെടുത്തിയ ഭർത്താവ് സുബ്രഹ്‌മണ്യനെ(52) വീട്ടിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. ഇൻസ്റ്റഗ്രാമിൽ മൂന്നരലക്ഷത്തോളം ഫോളോവേഴ്‌സുള്ള കണ്ടന്റ് ക്രിയേറ്ററാണ് നാഗലക്ഷ്മി. ‘ശ്രീ സായ് സിൽക്ക്‌സ്’ എന്ന പേരിൽ സാരി വിൽപ്പന ആരംഭിച്ച ഇവർ പിന്നീട് ചെന്നൈയിൽ ഇതേ പേരിൽ വലിയ വ്യാപാരസ്ഥാപനവും തുടങ്ങിയിരുന്നു. ദാമ്പത്യപ്രശ്‌നങ്ങളെത്തുടർന്ന് നാഗലക്ഷ്മിയും സുബ്രഹ്‌മണ്യനും ഏറെക്കാലമായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ചെന്നൈയിൽനിന്ന് പോയ സുബ്രഹ്‌മണ്യൻ മധുരയിൽ ഒരു ബന്ധുവിനൊപ്പമായിരുന്നു താമസം.
ഭർത്താവുമായി അകന്നതിന് പിന്നാലെയാണ് നാഗലക്ഷ്മി സാരി ബിസിനസിലേക്ക് കടന്നത്. ഇൻസ്റ്റഗ്രാം വഴി ബിസിനസ് വിപുലപ്പെടുത്തിയതോടെ ‘ശ്രീ സായ് സിൽക്ക്‌സ്’ എന്ന പേരിൽ ചെന്നൈയിൽ വിപുലമായരീതിയിൽ വസ്ത്ര വ്യാപാര സ്ഥാപനവും തുടങ്ങി. അടുത്തിടെയാണ് പ്രതിയായ സുബ്രഹ്‌മണ്യൻ ചെന്നൈയിലെത്തിയതെന്നാണ് പോലീസ് പറയുന്നത്. തന്റെ ഭാഗത്തുനിന്ന് നേരത്തേയുണ്ടായ തെറ്റുകൾക്ക് നാഗലക്ഷ്മിയോട് ക്ഷമാപണം നടത്തിയ ഇദ്ദേഹം വീണ്ടും ഒരുമിച്ച് താമസിക്കാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചിരുന്നു.
ഇതേത്തുടർന്നുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്നാണ് പോലീസിന്റെ നിഗമനം. സുബ്രഹ്‌മണ്യൻ-നാഗലക്ഷ്മി ദമ്പതിമാർക്ക് രണ്ട് ആൺമക്കളാണുള്ളത്. ഇതിൽ മൂത്ത മകൻ റഷ്യയിൽ എംബിബിഎസ് വിദ്യാർഥിയാണ്. രണ്ടാമത്തെ മകൻ ചെന്നൈയിൽ ദന്തൽ വിദ്യാർഥിയും. കൊലപാതകത്തിന് ശേഷം സുബ്രഹ്‌മണ്യൻ രണ്ടാമത്തെ മകന് മൊബൈൽഫോണിൽ ഇതുസംബന്ധിച്ച സന്ദേശമയച്ചിരുന്നതായാണ് വിവരം. സന്ദേശം കണ്ടയുടൻ വീട്ടിലേക്കെത്തിയപ്പോഴാണ് നാഗലക്ഷ്മിയെ മകൻ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. വീട്ടിലെ മറ്റൊരു മുറിയിൽ സുബ്രഹ്‌മണ്യനും തൂങ്ങിമരിച്ച നിലയിലായിരുന്നു. തുടർന്ന് മകനാണ് മറ്റുള്ളവരെയും പോലീസിനെയും വിവരമറിയിച്ചത്.
















































