തൃശൂർ: ഇരിങ്ങാലക്കുടയിൽ കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയിൽ ചത്ത പാമ്പിൻകുഞ്ഞ്. പാമ്പിൻ കുഞ്ഞിനെ കണ്ടെത്തിയതിനെത്തുടർന്ന് കോണത്തുകുന്നിലെ സോഡാ നിർമ്മാണ യൂണിറ്റ് ഭക്ഷ്യസുരക്ഷാ വകുപ്പ് അടച്ചുപൂട്ടി. കോണത്തുകുന്ന് ചിരട്ടക്കുന്നിൽ പ്രവർത്തിക്കുന്ന ‘റിലാക്സ് സോഡാ’ കമ്പനിക്കെതിരെയാണ് നടപടി. സ്ഥാപനത്തിലുണ്ടായിരുന്ന മുഴുവൻ സ്റ്റോക്കും ഉദ്യോഗസ്ഥർ നശിപ്പിച്ചു. കോണത്തുകുന്ന് മനയ്ക്കപ്പടിയിലെ ‘ഇന്ത്യൻ ഫാസ്റ്റ് ഫുഡ്’ എന്ന തട്ടുകടയിൽ നിന്ന് സോളർ പാനൽ ജോലിക്കെത്തിയ യുവാക്കൾ വാങ്ങിയ സോഡയിലാണ് പാമ്പിനെ കണ്ടത്.
ചെറായി സ്വദേശി വിഷ്ണുരാജ്, ആലുവ സ്വദേശി ഡിനൂസ് എന്നിവർ കുപ്പി തുറന്ന് കുടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഉള്ളിൽ എന്തോ തങ്ങിനിൽക്കുന്നത് ശ്രദ്ധിച്ചത്. സൂക്ഷ്മപരിശോധനയിൽ അത് പാമ്പിൻകുഞ്ഞാണെന്ന് വ്യക്തമായി. ഉടൻ തന്നെ ഇവർ കൊടുങ്ങല്ലൂർ ഭക്ഷ്യസുരക്ഷാ വിഭാഗത്തിൽ പരാതിപ്പെടുകയും കുപ്പിയുടെ ദൃശ്യങ്ങൾ കൈമാറുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. എം. ബർഷാനയുടെ നേതൃത്വത്തിൽ ഫാക്ടറിയിൽ മിന്നൽ പരിശോധന നടത്തി.
സോഡ നിറയ്ക്കുന്നതിനായി കഴുകി വെക്കുന്ന കുപ്പികൾ അശാസ്ത്രീയമായും സുരക്ഷിതമല്ലാത്ത സാഹചര്യത്തിലുമാണ് സൂക്ഷിക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. “രാത്രി കഴുകി വെക്കുന്ന കുപ്പികളിൽ പിറ്റേന്നാണ് സോഡ നിറയ്ക്കുന്നത്. അടച്ചുറപ്പില്ലാത്ത സ്ഥലത്ത് വെച്ച കുപ്പിക്കുള്ളിൽ ഈ സമയത്തിനിടയിലാകാം പാമ്പ് കയറിയതെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ശുചിത്വ മാനദണ്ഡങ്ങൾ ലംഘിച്ചതിനും ഗുരുതരമായ വീഴ്ച വരുത്തിയതിനും സ്ഥാപനം ഉടനടി അടച്ചുപൂട്ടാൻ അധികൃതർ ഉത്തരവിട്ടു.
















































