ജയ്പുർ: ഇന്ത്യൻ വണ്ടർ കിഡ് വൈഭവ് സൂര്യവംശിയുടെ സെഞ്ചുറിക്ക് അഭിഷേകും കിഷനുമടക്കം സൺ റൈസേഴ്സ് ഹൈദരാബാദ് ബാറ്റർമാർ മറുപടി നൽകിയപ്പോൾ രാജസ്ഥാന് അഞ്ച് വിക്കറ്റിന്റെ തോൽവി. വൈഭവിന്റെ സെഞ്ചുറിയുടേയും ജുറേലിന്റെ അർധ സെഞ്ചുറിയുടേയും ബലത്തിൽ രാജസ്ഥാൻ ഉയർത്തിയ 229 റൺസ് വിജയലക്ഷ്യം 18.3 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ഹൈദരാബാദ് മറികടന്നു.അഭിഷേക് ശർമയും ഇഷാൻ കിഷനും അർധസെഞ്ചുറിയോടെ തിളങ്ങി. രാജസ്ഥാനായി വൈഭവ് 37 പന്തിൽ നിന്ന് 103 റൺസെടുത്ത് പുറത്തായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് ആദ്യ ഓവറിൽ തന്നെ ട്രാവിസ് ഹെഡിനെ (6) നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ അഭിഷേക് ശർമയും ഇഷാൻ കിഷനും ചേർന്ന് സ്‌കോറുയർത്തി. രാജസ്ഥാൻ ബൗളർമാരെ ഇരുവരും മാറിമാറി തല്ലി. സിക്‌സറുകൾ ചറപറ പെയ്തതോടെ പവർപ്ലേയിൽ സ്‌കോർ 89 ലെത്തി. പിന്നാലെ അഭിഷേകും കിഷനും ഫിഫ്റ്റി തികച്ചു. അഭിഷേക് 29 പന്തിൽ നിന്ന് 57 റൺസെടുത്ത് പുറത്തായി. അതോടെ സൺ റൈസേഴ്സ് പത്തോവറിൽ 139-2 എന്ന നിലയിലായി.
പിന്നീട് കത്തിക്കയറിയ ഇഷാൻ കിഷൻ അതിവേഗം സ്‌കോറുയർത്തി. എന്നാൽ ഇഷാനെയും പുറത്താക്കി രാജസ്ഥാൻ തിരിച്ചടിച്ചു. 31 പന്തിൽ 74 റൺസാണ് താരത്തിന്റെ സമ്പാദ്യം. നാലാം വിക്കറ്റിൽ ഒന്നിച്ച ഹെന്റിച്ച് ക്ലാസനും നിതീഷ് കുമാർ റെഡ്ഡിയുമാണ് പിന്നീട് എസ്ആർഎച്ച് ഇന്നിങ്‌സ് മുന്നോട്ടുനയിച്ചത്. കരുതലോടെയാണ് ഇരുവരും കളിച്ചത്. 16 ഓവർ അവസാനിക്കുമ്പോൾ 193-3 എന്ന നിലയിലായിരുന്നു ഹൈദരാബാദ്. ടീമിനെ ലക്ഷ്യത്തിന് അടുത്തെത്തിച്ചതിന് പിന്നാലെ ഇരുവരും പുറത്തായി. നിതീഷ് കുമാർ 18 പന്തിൽ നിന്ന് 36 റൺസെടുത്തപ്പോൾ ക്ലാസൻ 24 പന്തിൽ നിന്ന് 29 റൺസെടുത്തു. 18.3 ഓവറിൽ ഹൈദരാബാദ് ലക്ഷ്യത്തിലെത്തി.
അതേസമയം ആദ്യം ബാറ്റുചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 228 റൺസാണെടുത്തത്. കൗമാരതാരം വൈഭവ് സൂര്യവംശിയുടെ തകർപ്പൻ സെഞ്ചുറിയാണ് ടീമിന് മികച്ച സ്‌കോർ സമ്മാനിച്ചത്. പ്രഫുൽ ഹിംഗെ എറിഞ്ഞ ആദ്യ ഓവറിൽ തന്നെ നാലു സിക്‌സറുകൾ പറത്തിയാണ് വൈഭവ് തുടങ്ങിയത്. പിന്നാലെ മൈതാനത്ത് വൈഭവിന്റെ സിക്സർ വെടിക്കെട്ടായിരുന്നു. യശസ്വി ജയ്‌സ്വാൾ 10 റൺസെടുത്ത് പുറത്തായെങ്കിലും രണ്ടാം വിക്കറ്റിൽ ധ്രുവ് ജുറേലിനെ കൂട്ടുപിടിച്ച് വൈഭവ് സ്‌കോറുയർത്തി. ജുറേലിനെ ഒരുവശത്തുനിർത്തി വൈഭവ് അടിച്ചുതകർത്തു.
ഹൈദരാബാദ് ബൗളർമാരെ നിരനിരയായി പറത്തിയ താരം 15 പന്തിൽ അർധസെഞ്ചുറി തികച്ചു. ഒമ്പത് ഓവറിൽ രാജസ്ഥാനെ നൂറുകടത്തിയ കൗമാരതാരം കളം നിറഞ്ഞുകളിച്ചു. അതോടെ എസ്ആർഎച്ച് പ്രതിരോധത്തിലായി. രണ്ടാം വിക്കറ്റിൽ 112 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. ജുറേൽ 35 പന്തിൽ നിന്ന് 51 റൺസെടുത്തു.
ജുറേൽ പുറത്തായതിന് പിന്നാലെയും വൈഭവ് വെടിക്കെട്ട് തുടർന്നു. 14-ാം ഓവറിൽ രണ്ട് സിക്‌സറും ഫോറുമടിച്ചാണ് താരം സെഞ്ചുറി പൂർത്തിയാക്കിയത്. ഓവറിലെ അഞ്ചാം പന്തിൽ താരം കൂടാരം കയറി. 37 പന്തിൽ നിന്ന് 103 റൺസെടുത്താണ് പുറത്തായത്. 12 സിക്സറുകളും 5 ഫോറുകളും അടങ്ങുന്നതാണ് വൈഭവിന്റെ ഇന്നിങ്സ്. വൈഭവ് പുറത്തായതിന് പിന്നാലെ ഡൊണോവൻ ഫെരെയ്‌രയാണ് ടീമിനെ 200 കടത്തിയത്. താരം 16 പന്തിൽ നിന്ന് 33 റൺസെടുത്തു.













































