റോം: വരാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ വ്യക്തമായ നിലപാട് സ്വീകരിച്ച് ഇറ്റലി. ഇറാനെ പകരം ഇറ്റലിയെ ഉൾപ്പെടുത്താമെന്ന അമേരിക്കൻ ഭരണകൂടത്തിലെ നിർദ്ദേശം ഇറ്റാലിയൻ കായിക അധികൃതർ ശക്തമായി തള്ളി. ലോകകപ്പിൽ പങ്കെടുക്കാൻ അർഹത നേടാതിരുന്ന സാഹചര്യത്തിൽ ഇത്തരം ഒരു മാറ്റം അംഗീകരിക്കാനാവില്ലെന്ന് അവർ വ്യക്തമാക്കി. കാനഡ, യുഎസ്എ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി ജൂൺ 12 മുതൽ ആരംഭിക്കാനിരിക്കുന്ന ഫിഫ ലോക കപ്പ് ഫുട്ബോളിൽ ഇറാനെ ഒഴിവാക്കി പകരം ഇത്തവണയും യോഗ്യത നേടാനാകാതെ പോയ ഇറ്റലിക്ക് അവസരം കൊടുക്കണമെന്ന വിചിത്ര ആവശ്യവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധി പോളോ സാംബോളി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനയെ നേരിൽ കണ്ടിരുന്നു.
ഇറാൻ ടീമിന്റെ പങ്കാളിത്തത്തെക്കുറിച്ച് ഉയർന്ന അനിശ്ചിതത്വങ്ങൾക്കിടയിലായിരുന്നു ഈ വിവാദം. ഇറാൻ അവസാന നിമിഷം പിന്മാറുന്ന സാഹചര്യം ഉണ്ടാകുകയാണെങ്കിൽ ഒരു ബദൽ പദ്ധതിയായാണ് ഈ നിർദ്ദേശം ഉന്നയിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയേയും ഈ ആശയം അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇറാൻ ലോകകപ്പിൽ നിന്ന് പിന്മാറിയിട്ടില്ലെന്നും, ജൂണിൽ അമേരിക്കയിൽ നിശ്ചയിച്ച മത്സരങ്ങളിൽ പങ്കെടുക്കുമെന്നും ഉറപ്പു നൽകി.
നാല് തവണ ലോകകപ്പ് ജേതാക്കളായ ഇറ്റലിയ്ക്ക് ഇത്തവണ യോഗ്യത നേടാനായില്ലായിരുന്നു. തുടർച്ചയായ മൂന്നാം തവണയാണ് ഇറ്റലി ലോകകപ്പിൽ നിന്ന് പുറത്താകുന്നത്. അതിനാൽ, മറ്റൊരു ടീമിനെ മാറ്റി ഉൾപ്പെടുത്തുന്നതിന് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് അധികൃതരുടെ നിലപാട്.
യുഎസ് ആവശ്യത്തെ ലജ്ജാകരമെന്നാണ് ഇറ്റാലിയൻ ധനകാര്യമന്ത്രി ജിയാകാർലോ ജിയോർഗെറ്റി വിശേഷിപ്പിച്ചത്. ട്രംപ് പ്രതിനിധി ഫിഫയിൽ ഉന്നയിച്ച കാര്യം അനുചിതമെന്ന് ഇറ്റാലിയൻ കായികമന്ത്രി ആൻഡ്രിയ അബോഡിയും വ്യക്തമാക്കി. ഇറ്റലിക്ക് ലോകകപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടാനായില്ല, ഇവിടെ രാഷ്ട്രീയ ഇടപെടലുകൾക്ക് സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറ്റാലിയൻ ഒളിമ്പിക് കമ്മിറ്റി അധ്യക്ഷൻ സമാനമായ നിലപാട് ആവർത്തിച്ചു. “ലോകകപ്പിൽ പങ്കെടുക്കാൻ അർഹത നേടേണ്ടതാണ്. ഇത്തരം നിർദ്ദേശങ്ങൾ അപമാനകരമാണ്,” എന്ന് അദ്ദേഹം പറഞ്ഞു.
മിഡിൽ ഈസ്റ്റിലെ യുദ്ധസാഹചര്യങ്ങൾ കാരണം ഇറാന്റെ പങ്കാളിത്തത്തെക്കുറിച്ച് ആശങ്കകൾ ഉയർന്നിരുന്നെങ്കിലും, ഇറാൻ സർക്കാർ ലോകകപ്പിൽ ഗൗരവത്തോടെയും വിജയകരമായും പങ്കെടുക്കാൻ തയ്യാറെടുക്കുകയാണെന്ന് വ്യക്തമാക്കി. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനിലൂടെ യോഗ്യത നേടിയ ടീമുകളിലൊന്നാണ് ഇറാൻ.
ഇതിനിടെ, ഇറാൻ പിന്മാറുന്ന സാഹചര്യം ഉണ്ടായാൽ, അതേ കോൺഫെഡറേഷനിൽ നിന്നുള്ള മറ്റൊരു ടീമിനെ തന്നെ പകരം പരിഗണിക്കണമെന്നാണ് കായിക വിദഗ്ധരുടെ വിലയിരുത്തൽ. ലോകകപ്പ് നിയമപ്രകാരം ഇത്തരം തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം ഫിഫയ്ക്കുണ്ടെങ്കിലും, യോഗ്യതാ അടിസ്ഥാനങ്ങൾ മറികടക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.















































