ആലപ്പുഴ: പാമ്പ് കടിയേറ്റ് സംസ്ഥാനത്ത് വീണ്ടും ജീവൻ നഷ്ടം. കായംകുളത്ത് ബന്ധുവിന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ യുവതി പാമ്പ് കടിയേറ്റ് മരിച്ചു. ചേരാവള്ളി വടക്കേതോപ്പിൽ സെലീന (42) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴരയോടെ കായംകുളം കൊറ്റുകുളങ്ങരയിലാണ് സന്തോഷ ദിനത്തിൽ ദാരുണമായ സംഭവം നടന്നത്.
ബന്ധുവിന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത ശേഷം മടങ്ങാനായി ആളൊഴിഞ്ഞ പറമ്പിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ എടുക്കാൻ പോയപ്പോഴാണ് സെലീനയ്ക്ക് പാമ്പ് കടിയേറ്റത്. ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സെലീനയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം തിരുവനന്തപുരം പോത്തൻകോട് വിദ്യാർഥിനിക്കും പാമ്പ് കടിയേറ്റു. പോത്തൻകോട് വേങ്ങോട് സ്വദേശിനി ദുർഗ(18)യ്ക്കാണു കടിയേറ്റത്. ഇന്നലെ വൈകുന്നേരം അമ്മൂമ്മയുടെ വീട്ടിൽ പോയശേഷം ഇടവഴിയിലൂടെ വീട്ടിലേക്ക് നടന്നു വരുന്നതിനിടയിലാണ് പാമ്പുകടിച്ചത്.
പെൺകുട്ടിയുടെ ഇടതുകാലിന്റെ വിരലിലാണ് പാമ്പുകടിയേറ്റത്. ഉടൻതന്നെ ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിൽ കൊണ്ടുപോയതിന് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരം എന്നാണ് അറിയുന്നത്. കൂടാതെ വർക്കലയിൽ ആശാ വർക്കറിനും പാമ്പുകടിയേറ്റു. നഗരസഭ വാർഡ് 23- ലെ ആശാ വർക്കറായ വർക്കല താലൂക്ക് ആശുപത്രിക്ക് സമീപം ചരുവിള വീട്ടിൽ ഷംനയ്(32)ക്കാണ് പാമ്പ് കടിയേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ വീടിന്റെ അടുക്കള ഭാഗത്തെ കിണറിന് സമീപം ഇഴഞ്ഞുവന്ന മൂർഖനെ അബദ്ധത്തിൽ ഷംന ചവിട്ടുകയും കടിയേൽക്കുകയുമായിരുന്നു എന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. ഉടനെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു ആന്റി വെനം നൽകി. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു വിദഗ്ദ്ധ ചികിത്സ നൽകി.
അതേസമയം ചിറയിൻകീഴ് അഴൂരിൽ ഇന്നലെ രാവിലെയാണ് പാമ്പുകടിയേറ്റ് എട്ട് വയസുകാരന് ജീവൻ നഷ്ടമായത്. മൂലയിൽ വീട്ടിൽ ദിലീപ് അനു ദമ്പതികളുടെ മകൻ ദിക്ഷലാണ് മരിച്ചത്. രാത്രിയിൽ കുട്ടി ഉറങ്ങുന്നതിനിടെയാണ് പാമ്പ് കടിച്ചത്. വെളുപ്പിന് നാല് മണിയോടെയാണ് കുട്ടിയെ പാമ്പ് കടിച്ച വിവരം അറിഞ്ഞത്. ഉടൻ ചിറയിൻകീഴ് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ വീട്ടിൽ നിന്ന് ഒരു മൂർഖൻ പാമ്പിനെ പിടികൂടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് തൃശൂരിലെ വീട്ടിനുള്ളിൽ കടിയേറ്റ് എട്ടുവയസുകാരൻ ആൽജോ പാമ്പ് കടിയേറ്റ് മരണത്തിനു കീഴടങ്ങിയത്. ആൽജോക്കൊപ്പം കടിയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സഹോദരൻ അനോഷിനെ വെൻറിലേറ്ററിൽ നിന്ന് മാറ്റിയത് കുടുംബത്തിന് ആശ്വാസമായി.
സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ പാമ്പ് കടിയേറ്റുള്ള മരണങ്ങൾ കൂടുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ചൂട് കൂടുമ്പോൾ പാമ്പുകൾ വീടിനുള്ളിലേക്കും സുരക്ഷിതമായ മറ്റ് ഇടങ്ങളിലേക്കും മാറാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.
















































