കോയമ്പത്തൂർ: വേട്ടിന് പണവും സമ്മാനങ്ങളും നൽകുന്നത് വലിയ കുറ്റകൃത്യമാണ്. പലപ്പോഴും രഹസ്യമായിട്ട് ഇത് നടക്കാറുണ്ടെങ്കിലും ബന്ധപ്പെട്ടവർ വളരെ ശക്തമായി ഇടപെട്ട് അത് തടയാൻ ശ്രമിക്കാറുമുണ്ട്. എന്നാൽ, ഇപ്പോൾ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ നിന്നുള്ള വാർത്ത ഏവരെയും ഇരുത്തി ചിന്തിപ്പിക്കുന്നത്.
വോട്ട് ചെയ്യാൻ തങ്ങൾക്ക് പണം കിട്ടിയില്ലെന്ന് പറഞ്ഞാണ് ഒരു കൂട്ടമാളുകൾ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. കോയമ്പത്തൂരിന് സമീപമുള്ള കൊട്ടൂരിലാണ് വിചിത്രമായ ഈ സംഭവം. അയൽപ്രദേശങ്ങളിലെ വീടുകളിൽ രാഷ്ട്രീയ പാർട്ടികൾ പണം വിതരണം ചെയ്‌തെന്നും തങ്ങളുടെ വാർഡിനെ അവഗണിച്ചെന്നുമാണ് പ്രതിഷേധക്കാരുടെ പരാതി.
ഏപ്രിൽ 23-ന് തമിഴ്നാട്ടിൽ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് തിങ്കളാഴ്ച കൊട്ടൂരിൽ നാട്ടുകാർ റോഡ് ഉപരോധിച്ചത്. പൊള്ളാച്ചിയിലേക്കുള്ള പ്രധാന പാത തടഞ്ഞുകൊണ്ടായിരുന്നു പ്രതിഷേധം. തങ്ങളുടെ അയൽപക്കത്തുള്ളവർക്കെല്ലാം പണം ലഭിച്ചുവെന്നും തങ്ങൾക്ക് മാത്രം ലഭിച്ചില്ലെന്നും ഇത് നീതിയല്ലെന്നുമാണ് പ്രതിഷേധക്കാർ പറഞ്ഞത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ശ്രമിച്ചു. വോട്ടിനായി പണം ചോദിക്കുന്നതും വാങ്ങുന്നതും ക്രിമിനൽ കുറ്റമാണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
നിയമവിരുദ്ധമായി ഒത്തുചേർന്നതിനും പൊതുവഴി തടസ്സപ്പെടുത്തിയതിനും കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് നാട്ടുകാർ പിരിഞ്ഞുപോയത്. പണം വിതരണം ചെയ്തതിനെക്കുറിച്ച് പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പണം കിട്ടാത്തതിൽ പരസ്യമായി പ്രതിഷേധം നടക്കുന്നത് ആദ്യത്തെ സംഭവമാണെന്നും ഉദ്യോഗസ്ഥർ പറയുന്നു.





