കോഴിക്കോട്: ചങ്കുറപ്പുള്ളവനാ എന്റെ മകന്‍, അവനെ തള്ളിയിട്ട് കൊന്നതാ… നിതിൻ രാജിന്റെ അച്ഛൻ വിങ്ങിപ്പൊട്ടിക്കൊണ്ട് പറഞ്ഞു. നിതിൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. എനിക്കത് നന്നായി അറിയാം. ആർക്കാണ് അറിയാത്തത് അവനെ കൊന്നതാണെന്ന് നിതിൻ രാജിന്റെ പിതാവ് രാജനും സഹോദരിയും സഹോദരി ഭർത്താവും അഞ്ചരക്കണ്ടി ദന്തൽ കോളജിലെത്തിയപ്പോൾ വൈകാരിക രംഗങ്ങളായിരുന്നു. പ്രിൻസിപ്പലിനെ കാണാൻ നിതിൻ രാജിന്റെ കുടുംബം തയ്യാറായില്ല.
പ്രിൻസിപ്പൽ ഈ സംഭവത്തിന് ഉത്തരവാദിയാണെന്ന് കുടുംബം ആരോപിച്ചു. അപടകസ്ഥലം സന്ദർശിച്ച ശേഷം മാനേജ്മെന്‍റുമായി കൂടികാഴ്ച നടത്തി. ഏപ്രിൽ 10നാണ് കോളജ് കെട്ടിടത്തിൽനിന്ന് വീണ നിലയിൽ ഒന്നാംവർഷ ബി.ഡി.എസ് വിദ്യാർഥി നിതിനെ കണ്ടത്. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കോളജിലെ അധ്യാപകർ നിതിനെ മാനസികമായി ഉപദ്രവിച്ചിരുന്നെന്നും അധിക്ഷേപിച്ചിരുന്നെന്നുമാണ് കുടുംബം പറയുന്നത്. മകൻ ആത്മഹത്യ ചെയ്യില്ലെന്ന് മാതാപിതാക്കൾ ഉറപ്പിച്ച് പറയുന്നു.
സംഭവത്തിൽ ആരോപണവിധേയരായ ദന്തൽ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം, അസോ. പ്രഫ. ഡോ. സംഗീത എന്നിവരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തുകയും ഡോ. കെ. റാമിനെ പുറത്താക്കുകയും ചെയ്തിരുന്നു. ആത്മഹത്യക്ക് പിന്നാലെ കൂടുതൽ വിദ്യാർഥികൾ റാമിനെതിരേ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. റാമിനെ പുറത്താക്കുന്നത് വരെ പഠനം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ച വിദ്യാർഥികൾ ഇന്ന് കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. രക്ഷിതാക്കളും ഇതേ ആവശ്യമുന്നയിച്ച് മാനേജ്മെന്റുമായി ചർച്ച നടത്തി.






