മൂവാറ്റുപുഴ: കൊച്ചി- ധനുഷ്‌കോടി ദേശീയപാത ടാർ ചെയ്തതിന്റെ പിറ്റേദിവസം തെന്ന വെട്ടിപ്പൊളിച്ച് കുഴിയെടുത്തു. മൂവാറ്റുപുഴ വാളകം പഞ്ചായത്തിൽ മേക്കടമ്പ് കരോട്ടെ വാളകത്താണ് വ്യാഴാഴ്ച ടാർ ചെയ്ത റോഡാണ് വെള്ളിയാഴ്ച ജല അതോറിറ്റി പൈപ്പ് ലൈൻ നന്നാക്കാനെന്ന പേരിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ആറ് മീറ്റർ നീളത്തിൽ കുഴിയെടുത്തത്. ബിഎംബിസി റോഡിലാണ് വാട്ടർ അതോറിറ്റിയുടെ ഒന്നാന്തരം തോന്നിവാസം.
അതേസമയം ടാർ ചെയ്യുന്നതിന് ഒരാഴ്ച് മുൻപ് ഈ ഭാഗങ്ങളിൽ കുടിവെള്ളം മുടങ്ങിയതാണ്. അപ്പോൾ മുതൽ പൈപ്പ് ലൈൻ പരിശോധിക്കാനും പൊട്ടിയിട്ടുണ്ടെങ്കിൽ നന്നാക്കാനും ആവശ്യപ്പെട്ട് നാട്ടുകാർ ജല അതോറിറ്റി ഓഫീസ് കയറിയിറങ്ങിയെങ്കിലും മുഖം തിരിച്ചു. പക്ഷേ ടാറിങ് കഴിഞ്ഞ് യന്ത്രങ്ങൾ റോഡിൽനിന്ന് മാറിയതോടെ അവർ മണ്ണുമാന്തിയുമായെത്തി.
സംഭവത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയപ്പോൾ കുടിവെള്ളം വേണമെങ്കിൽ റോഡ് പൊളിക്കും എന്ന നിലപാടാണ് ജല അതോറിറ്റി കരാറുകാർ സ്വീകരിച്ചത്. റോഡ് നന്നാക്കുന്നതിന് മുന്നേ തന്നെ പൈപ്പിന്റെ കാര്യം റോഡ് കോൺട്രാക്ടർമാരോടും പറഞ്ഞിരുന്നു. എന്നാൽ നടപടിയൊന്നുമുണ്ടായില്ല. പൈപ്പ് പൊട്ടിയാൽ ഇനിയും ടാർ വെട്ടിപ്പൊളിക്കേണ്ടിവരും എന്ന നിലപാടാണ് ജല അതോറിറ്റി സ്വീകരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ബിഎംബിസി റോഡാണ് ഇത്തരത്തിൽ കുത്തിപ്പൊളിച്ചിരിക്കുന്നത്.
റോഡിന്റെ അരികിൽ പ്രധാനമായും ഇരുചക്ര വാഹനങ്ങൾ പോകുന്ന ഭാഗത്താണ് നെടുനീളത്തിൽ കുഴിച്ചിരിക്കുന്നത്. രാത്രിയിൽ വാഹനങ്ങൾ അപകടത്തിൽപെടാൻ വലിയ സാധ്യതയുണ്ട്. അപകടസൂചന മനസ്സിലാക്കാവുന്ന വിധത്തിൽ നല്ല ലൈറ്റുകളില്ല. പ്ലാസ്റ്റിക് ഡിവൈഡറുകൾ രണ്ടെണ്ണം വച്ചിരിക്കുന്നു എന്ന് മാത്രം. വളരെ ദൂരത്തിൽ നല്ല ടാർ റോഡാണ്
മാത്രമല്ല ഇരു വകുപ്പുകളുടെ ഏകോപനമില്ലാത്തതിനാൽ വാളകം പഞ്ചായത്തിലെ ബഹുഭൂരിപക്ഷം പ്രദേശത്തും കുടിവെള്ളവും നിലച്ചിരിക്കുകയാണ്. പ്രശ്നം രൂക്ഷമായിട്ടും ജല അതോറിറ്റിയോ, ദേശീയ പാത അതോറിറ്റിയോ ഇടപെട്ടിട്ടുമില്ല.
















































