ചെന്നൈ: ഷോട്സ് ധരിക്കുന്നവർ ലൈംഗികാതിക്രമം ക്ഷണിച്ചു വരുത്തുകയാണെന്നും ശ്രദ്ധയാകർഷിക്കാനാണു ശ്രമിക്കുന്നതെന്നുമുള്ള വാദവുമായി തിരുച്ചിറപ്പള്ളി ദേശീയ ലോ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ വി. നാഗരാജ് വീണ്ടും രംഗത്ത്. അനുചിതമായ വസ്ത്രധാരണം ലൈംഗികാതിക്രമത്തിന് വഴിവയ്ക്കുമെന്നും വിദ്യാർഥികളുടെയും അധ്യാപകരുടെയും ശ്രദ്ധ മാറുന്നതിന് ഇടയാക്കുമെന്നുമായിരുന്നു വൈസ് ചാൻസലറുടെ പരാമർശം. സംഭവത്തിനെതിരെ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി.
വസ്ത്രങ്ങൾക്കല്ല, മാനസികാവസ്ഥയ്ക്കാണു തകരാർ എന്നെഴുതിയ പ്ലക്കാർഡ് ഉയർത്തി വിദ്യാർഥികൾ ക്യാംപസിൽ പ്രതിഷേധം നടത്തി. പരാമർശം പിൻവലിക്കണമെന്നും വിസി മാപ്പ് പറയണമെന്നുമാണ് വിദ്യാർഥികളുടെ ആവശ്യം. ക്ലാസ് പ്രതിനിധികളുടെ യോഗത്തിലാണു വിസി വിവാദ പരാമർശങ്ങൾ നടത്തിയത്. സ്ഥാപനത്തിന്റെ സൽപേര് കൂട്ടാനുള്ള നിർദേശമാണു നൽകിയതെന്നാണ് വിസിയുടെ വിശദീകരണം. സ്ഥാപനത്തിന്റെ പ്രശസ്തിക്കു വസ്ത്രധാരണം കാരണമാണെന്നും അദ്ദേഹം ആവർത്തിച്ചു.
അതേസമയം 2016ൽ ബെംഗളൂരു നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിൽ അധ്യാപകനായിരിക്കെ നാഗരാജ് നടത്തിയ പരാമർശത്തിനെതിരെ വിദ്യാർഥികൾ ഷോട്സ് ധരിച്ചു പ്രതിഷേധിച്ചിരുന്നു.
















































