കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്യുന്നതിന് 18 മിനിറ്റുകൾ മുൻപുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പ്രിൻസിപ്പലിന്റെ മുറിയിൽ അധ്യാപകരോട് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.
ദൃശ്യങ്ങളിൽ കഴിഞ്ഞ പത്താം തീയതി ഉച്ചയ്ക്ക് 1:20ന് ശേഷമാണ് നിതിൻ പ്രിൻസിപ്പലിന്റെ ഓഫിസ് മുറിയിൽ നിന്ന് ഇറങ്ങുന്നത്. 1.38 നായിരുന്നു ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി നിതിൻ ആത്മഹത്യ ചെയ്തത്. മരണത്തിന് വെറും 18 മിനിറ്റ് മുൻപ് പ്രിൻസിപ്പൽ വിനോദ് മോനിയുടെ ഓഫിസ് മുറിയിൽ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോകുന്ന നിതിന്റെ ദൃശ്യങ്ങളാണ് സിസിടിവി ക്യാമറയിൽ പതിഞ്ഞത്. ദൃശ്യങ്ങളിൽ മൂന്ന് അധ്യാപകരും പ്രിൻസിപ്പലും നിതിനോട് സംസാരിക്കുന്നതും കാണാനാകും.
അതേസമയം കോളേജിനകത്തെ സിസിടിവി ദൃശ്യങ്ങളും നിർണായക രേഖകളും നേരത്തെ തന്നെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. പ്രിൻസിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങളിൽ പ്രിൻസിപ്പൽ, നിതിൻ, അധ്യാപിക ലത ശശിധരൻ, മറ്റ് രണ്ട് അധ്യാപകർ എന്നിവർ ഉൾപ്പെടുന്നു. കേസിൽ ആരോപണ വിധേയരായ അദ്ധ്യാപകർ എം.കെ. റാം, സംഗീത നമ്പ്യാർ എന്നിവർ ദൃശ്യങ്ങളിൽ ഇല്ല. ഇതോടെ പ്രിൻസിപ്പലിന്റെ മുറിയിൽ കൃത്യമായി എന്ത് നടന്നുവെന്ന് കണ്ടെത്താന്നുളള ശ്രമത്തിലാണ് അന്വേഷണ സംഘമിപ്പോൾ.















































