ചെങ്ങന്നൂർ : മാലദ്വീപിലെ സ്‌കൂളിൽ വിദ്യാർഥിയുടെ ആക്രമണത്തിൽ മൂക്കിനു ഗുരുതര പരിക്കേറ്റ അധ്യാപികയെ ശസ്ത്രക്രിയയ്ക്കായി നാട്ടിലെത്തിക്കും. മാലദ്വീപിലെ ഗഫ്ധാൽ അടോൾ സ്‌കൂളിലെ അധ്യാപിക ചെങ്ങന്നൂർ തിട്ടമേൽ കല്ലൂർ ദീപക് ശശിയുടെ ഭാര്യ സ്മിത എൻ. പിള്ള(35)യ്ക്കാണ് പരിക്കേറ്റത്. 12-ന് ക്ലാസിൽ ഗെയിം കളിക്കുന്നതു തടഞ്ഞപ്പോഴായിരുന്നു സംഭവം. മാലദ്വീപിൽ തുടർചികിത്സയ്ക്കാവശ്യമായ സൗകര്യങ്ങളില്ലാത്തതിനാലാണ് നാട്ടിലേക്കെത്തിക്കുന്നത്.
അധ്യാപികയെ ആക്രമിച്ച വിദ്യാർഥിയെ സ്‌കൂളിൽനിന്ന് ഒരാഴ്ചത്തേക്കു സസ്‌പെൻഡ് ചെയ്തു. കൗൺസലിങ്ങിനും ശുപാർശ ചെയ്തിട്ടുണ്ട്. എന്നാൽ, അധ്യാപികയെ മാരകമായി പരിക്കേൽപ്പിച്ച വിദ്യാർഥിക്കെതിരേ സ്വീകരിച്ച നടപടിയിൽ ഇന്ത്യയിൽനിന്നുള്ള അധ്യാപകർ തൃപ്തരല്ലെന്നാണു വിവരം. ഈ സ്‌കൂളിൽ മാത്രം 15 മലയാളി അധ്യാപകരുണ്ട്.അതേ സ്‌കൂളിൽ മറ്റൊരു മലയാളി അധ്യാപികയ്ക്കുനേരേ വിദ്യാർഥിയുടെ ഭീഷണി.
അടുത്ത ഇടി ടീച്ചർക്കായിരിക്കുമെന്നാണ് ഒൻപതാം ക്ലാസിലെ ഒരു വിദ്യാർഥി ഭീഷണിപ്പെടുത്തിയത്. ക്ലാസിൽ അച്ചടക്കം പാലിക്കാത്തതിനു ശാസിച്ചതിനെത്തുടർന്നാണ് വിദ്യാർഥി അധ്യാപികയോടു കയർത്തത്.മാലദ്വീപിലെ പല സ്‌കൂളുകളിലും ഇത്തരത്തിൽ വിദ്യാർഥികളുടെ ഭീഷണിയുണ്ടെന്നാണ് അവിടെ ജോലിചെയ്യുന്ന അധ്യാപകരുടെ ബന്ധുക്കൾ പറയുന്നത്. തദ്ദേശീയരായവരെ അപേക്ഷിച്ച് നാലിലൊന്നു ശമ്പളം മാത്രമാണ് ലഭിക്കുന്നത്. ഇന്ത്യയിൽനിന്നുള്ള വിദ്യാർഥികൾക്കും ക്ലാസുകളിൽ പലതരത്തിലുള്ള ശാരീരിക ഉപദ്രവങ്ങൾ നേരിടേണ്ടിവരുന്നുണ്ട്. ഇത്തരം സംഭവങ്ങൾ സ്‌കൂൾ മാനേജ്മെന്റുകൾ ഒതുക്കിത്തീർക്കുകയാണ്.














































