തിരുവനന്തപുരം: ‘‘ അയാളെ സർ എന്ന് വിളിക്കാൻ പോലും തോന്നുന്നില്ല, ഒരു മൃഗമാ അത്. റാം ഒരു കോളജിലും ഒരു കുട്ടിയേയും പഠിപ്പിക്കാൻ പാടില്ല, സാർ അല്ല അത്’’ – കണ്ണൂർ ഡെന്റൽ കോളജ് അനാട്ടമി വിഭാഗം മേധാവി ഡോ.എം.കെ. റാമിനെക്കുറിച്ച്, കഴിഞ്ഞ ദിവസം ജീവനൊടുക്കിയ നിതിൻ രാജിന്റെ സഹപാഠിയായ പെൺകുട്ടിയുടെ വാക്കുകളിൽ നിറഞ്ഞുനിൽക്കുന്നത് അമർഷം മാത്രം. നിതിന്റെ വീട്ടിൽ എത്തിയപ്പോഴാണ് അധ്യാപകനെതിരെ സഹപാഠികൾ മാധ്യമങ്ങൾക്കു മുന്നിൽ രൂക്ഷമായ വിമർശനം ഉന്നയിച്ചത്. ഭയം കൊണ്ടാണ് ആരും ഒന്നും പുറത്തു പറയാത്തതെന്നും നിതിനെ ടാർഗറ്റ് ചെയ്ത് ഹരാസ് ചെയ്തിരുന്നുവെന്നും പെൺകുട്ടികൾ പറഞ്ഞു.
അതുപോലെ നിതിന്റെ പരീക്ഷാ പേപ്പർ എല്ലാവരുടെയും മുന്നിൽ വച്ച് ഓരോ കുട്ടികളെ കൊണ്ടും വായിപ്പിച്ച് അവനെ വല്ലാതെ ഹരാസ് ചെയ്തിരുന്നു. ക്ലാസിൽ എല്ലാ കുട്ടികളെയും ബോഡി ഷെയ്മിങ് ചെയ്തിരുന്നു. എന്നെ ഫാറ്റി ഗേൾ എന്ന് വിളിക്കാറുണ്ട്. നിറം കുറവാണെങ്കിൽ കറുത്തിട്ടാണെന്നു പറയും. നിറം കൂടിയ കുട്ടിയാണെങ്കിൽ ‘ഓ യു ലുക്ക് ലൈക് സിൻഡ്രല്ല’ എന്നും പറയും. സീനിയേഴ്‌സിനോടും അങ്ങനെ തന്നെയാണ് ചെയ്തിരുന്നത്.
പ്രതികരിച്ചാൽ അറ്റൻഡൻസ് കളയും എന്നാണ് എല്ലാവരുടെയും പേടി. അങ്ങനെ ചെയ്താൽ പരീക്ഷ എഴുതാൻ പറ്റില്ല. ക്ലാസിൽ വന്നാലും ഒന്നും പഠിപ്പിക്കില്ല. മതപരമായ കാര്യങ്ങൾ പറയുകയും ബോഡി ഷെയ്മിങ്ങുമായിരുന്നു പ്രധാനം. പഠിപ്പിക്കാതെ ചോദ്യം ചോദിക്കും. ഉത്തരം പറഞ്ഞില്ലെങ്കിൽ ഇറക്കിവിടും. മൂന്നു മാസം അറ്റൻഡൻസ് ഇല്ലെന്നു പറയും. പരാതി പറഞ്ഞാലും സാറിനു പ്രശ്‌നമല്ല. ഞാൻ ഒരാളെ കൊന്നിട്ടുണ്ടെന്ന് സാർ ക്ലാസിൽ പബ്ലിക് ആയിട്ട് പറഞ്ഞിട്ടുണ്ട്. പല തവണ പരാതി കൊടുത്തിരുന്നു. എന്നാൽ ഒരു നടപടിയും ഉണ്ടായില്ല. പരാതി കൊടുത്താൽ നിങ്ങൾക്കു തന്നെയാണ് നഷ്ടമെന്ന് സാർ ക്ലാസിൽ വന്നു ഭീഷണിപ്പെടുത്തിയിരുന്നു.
അതുപോലെ നിതിനെ പലപ്പോഴും മാനസികമായി പീഡിപ്പിച്ചിരുന്നു. അവൻ വിഷമങ്ങളൊക്കെ പറയുമായിരുന്നു. ക്ലാസിൽനിന്നു പുറത്താക്കിയപ്പോൾ, എന്നെ മാത്രം എന്തിനാണ് ഇങ്ങനെ ടാർഗറ്റ് ചെയ്യുന്നതെന്നു പറഞ്ഞ് വല്ലാതെ വിഷമിച്ചു. കുഴപ്പമില്ലെന്ന് പറഞ്ഞ് ആശ്വസിപ്പിക്കാൻ ശ്രമിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ആഹാരം കഴിക്കാൻ തുടങ്ങുമ്പോഴാണ് നിതിന് അപകടം സംഭവിച്ചുവെന്ന് അറിയുന്നത്. എല്ലാവർക്കും വലിയ ഷോക്കായിരുന്നു. എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു. അതുകൊണ്ടാണ് ആരും വീട്ടിലേക്കു വരാതിരുന്നത്’’ – സഹപാഠികൾ പറഞ്ഞു. അതേസമയം നിതിന്റെ മരണത്തിൽ കുടുംബം ഇന്നലെ ഡിജിപിയെ കണ്ട് പരാതി നൽകിയിരുന്നു. വിശദമായ അന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കുമെന്ന് ഡിജിപി കുടുംബത്തെ അറിയിച്ചിട്ടുണ്ട്.















































