ദുബായ്: ഗൾഫ് രാജ്യങ്ങളിലേക്ക് ഇറാന്റെ അതിശക്തമായ വ്യോമാക്രമണം. അബുദാബിയിലെ അജ്ബാനിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് അഞ്ച് ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്കേറ്റു. കുവൈറ്റിൽ എണ്ണ ശുദ്ധീകരണ കേന്ദ്രവും കുടിവെള്ള- വൈദ്യുതി വിതരണ കേന്ദ്രവും ഇറാൻ ആക്രമിച്ചു. പിന്നാലെ സുരക്ഷാ നടപടികളുടെ ഭാഗമായി ദുബായിലെ ഹിന്ദു ക്ഷേത്രവും ഗുരുദ്വാരയും ക്രൈസ്തവ ആരാധനാലയങ്ങളും താൽക്കാലികമായി അടച്ചിട്ടുണ്ട്.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ, കുവൈത്ത് എന്നിവിടങ്ങളിലേക്ക് അതിശക്തമായ ആക്രമണമാണ് ഇറാൻ നടത്തിയത്. യുഎഇ തലസ്ഥാനമായ അബുദാബിയിലെ അജ്ബാനിൽ നടത്തിയ മിസൈൽ ആക്രമണം യുഎഇ ചെറുത്തെങ്കിലും മിസൈൽ അവശിഷ്ടങ്ങൾ വീണാണ് അഞ്ച് ഇന്ത്യക്കാർക്കും ഏഴ് നേപ്പാൾ സ്വദേശികൾക്കും പരുക്കേറ്റത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇതോടെ യുഎഇയിൽ ഇറാന്റെ ആക്രമണത്തിൽ പരുക്കേറ്റവരുടെ എണ്ണം 203 ആയി ഉയർന്നു.
അജ്ബാനിലാണ് രാജ്യത്തെ പ്രധാന സൗരോർജ പ്ലാന്റുകളിലൊന്ന് പ്രവർത്തിക്കുന്നത്. 18 ബാലിസ്റ്റിക് മിസൈലുകൾ, നാല് ക്രൂയിസ് മിസൈലുകൾ, 47 ഡ്രോണുകൾ എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണ ശ്രമമെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കൂടാതെ അബുദാബിയിലെ തന്നെ ഹബ്ഷാനിലും വ്യോമാക്രമണ ശ്രമമുണ്ടായി. ഇതോടെ ഹബ്ഷാനിലെ ഗ്യാസ് പ്ലാന്റ് താത്കാലികമായി അടച്ചു. മിസൈൽ അവശിഷ്ടങ്ങൾ വീണ് കെട്ടിടത്തിന് കേടുപാട് പറ്റി. കുവൈറ്റിലെ മിന അൽ അഹമ്മദി എണ്ണശുദ്ധീകരണ ശാലയ്ക്ക് ഡ്രോൺ ആക്രമണത്തിൽ തീ പിടിച്ചു. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്നും ആർക്കും പരുക്കില്ലെന്നും കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ അറിയിച്ചു.
അതേസമയം കുവൈറ്റിലെതന്നെ വൈദ്യുതി വിതരണ-ജലശുദ്ധീകരണ കേന്ദ്രത്തിന് നേരെയും ഡ്രോൺ ആക്രമണം ഉണ്ടായി. കെട്ടിടത്തിന് കേടുപാട് പറ്റി. സൗദി അറേബ്യയുടെ കിഴക്കൻ പ്രവശ്യയിൽ ഏഴ് ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണ ശ്രമവും പരാജയപ്പെടുത്തിയതായി റിപ്പോർട്ട്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ദുബായിലെ ജബൽ അലി ക്ഷേത്രം, ബർദുബായ് ക്ഷേത്രം, ജബൽ അലിയിലെ ഗുരുനാനാക് ഗുരുദ്വാര എന്നിവ അടച്ചു. ക്രൈസ്തവ ആരാധനാലയങ്ങളിൽ ദു:ഖവെള്ളി പ്രാർഥനാ ചടങ്ങുകൾ ഓൺലൈനായാണ് നടത്തിയത്.
















































