ടെഹ്റാൻ: വെടിനിർത്തലുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമൂഹമാധ്യമത്തിലൂടെ നടത്തിയ പ്രസ്താവനകൾ തള്ളി ഇറാൻ. വെടിനിർത്തലിനായി ഇറാൻ അപേക്ഷിച്ചു എന്ന ട്രംപിന്റെ വാദം അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. ഇറാനിയൻ സ്റ്റേറ്റ് ടിവിയെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അതേസമയം ഇറാൻ വെടിനിർത്തലിന് അപേക്ഷിച്ചുവെന്ന് തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് അറിയിച്ചത്. ഇറാന്റെ പുതിയ പ്രസിഡന്റ് അമേരിക്കയോട് വെടിനിർത്തലിന് അഭ്യർഥിച്ചതായും, ഹോർമുസ് കടലിടുക്ക് തടസമില്ലാതെ തുറന്നുകൊടുത്താൽ മാത്രമേ ഈ നിർദേശം പരിഗണിക്കൂ എന്നും ട്രംപ് വ്യക്തമാക്കിയിരുന്നു
ട്രംപിന്റെ വാക്കുകൾ ഇങ്ങനെ- ‘മുജ്‌തബ ഖമനേയി മുൻഗാമികളെ അപേക്ഷിച്ച് കുറഞ്ഞ തീവ്രതയുള്ളയാളും ബുദ്ധിമാനുമാണ്. അദ്ദേഹം അമേരിക്കയോട് വെടിനിർത്തൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് സ്വതന്ത്രവും സുരക്ഷിതവുമാകുമ്പോൾ ഞങ്ങൾ അതു പരിഗണിക്കും’. അതുപോലെ കടലിടുക്ക് തുറക്കുന്നതുവരെ ഇറാനെ ആക്രമിക്കുന്നത് തുടരുമെന്നും അവരെ ശിലായുഗത്തിലേക്ക് തിരിച്ചയക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാന്റെ കാര്യത്തിൽ ഔദ്യോഗിക കരാർ ഉണ്ടായില്ലെങ്കിലും ആഴ്ചകൾക്കുള്ളിൽ അമേരിക്കൻ സൈനിക നടപടി അവസാനിച്ചേക്കാമെന്ന് ചൊവ്വാഴ്ച വൈറ്റ് ഹൗസിൽ നടത്തിയ പ്രസംഗത്തിൽ ട്രംപ് സൂചിപ്പിച്ചിരുന്നു. നിലവിലെ യുദ്ധസാഹചര്യം വിശദീകരിക്കുന്നതിനായി അമേരിക്കൻ ജനതയെ അഭിസംബോധന ചെയ്യുന്നതിനു തൊട്ടുമുൻപായിരുന്നു ട്രംപ് പ്രസ്താവനയിറക്കിയത്..















































