വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് ഏറെക്കുറെ അടഞ്ഞുകിടക്കുകയാണെങ്കിൽ പോലും ഇറാനെതിരായ യുഎസ് സൈനിക നടപടി അവസാനിപ്പിക്കാൻ തയ്യാറാണെന്ന് ഉദ്യോഗസ്ഥരോട് പ്രസിഡന്റ് ട്രംപ്.യുഎസ് ഭരണവൃത്തങ്ങളെ ഉദ്ധരിച്ച് വാഷിങ്ടൺ പോസ്റ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കടലിടുക്ക് തുറന്ന് നൽകാനുള്ള സങ്കീർണ്ണമായ ദൗത്യം യുഎസ് പിന്നീട് നടത്താനാണ് സാധ്യതയെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ഇപ്പോൾ ഈ ദൗത്യത്തിനിറങ്ങിയാൽ യുദ്ധം നേരത്തെ നിശ്ചയിച്ച നാലു മുതൽ ആറാഴ്ച വരെ എന്ന സമയപരിധിക്ക് അപ്പുറത്തേക്ക് പോകുമെന്ന് ട്രംപും അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കളും വിലയിരുത്തിയതായി യുഎസ് മാധ്യമം പറയുന്നു.
ഇറാനിയൻ നാവികസേനയുടെയും മിസൈൽ ശേഖരത്തിന്റെയും ശക്തി ക്ഷയിപ്പിക്കുക, നിലവിലെ ശത്രുത അവസാനിപ്പിക്കുക, കൂടാതെ ഹോർമുസിലൂടെയുള്ള വ്യാപാരത്തിന്റെ സ്വതന്ത്ര ഒഴുക്ക് പുനരാരംഭിക്കാൻ ഇറാനുമേൽ നയതന്ത്രപരമായി സമ്മർദ്ദം ചെലുത്തുക എന്നിവയാണ് യുഎസ് കൈവരിക്കേണ്ട പ്രധാന ലക്ഷ്യങ്ങളെന്ന് ട്രംപ് തീരുമാനിച്ചതായും റിപ്പോർട്ടിൽ പറയുന്നു. അത് പരാജയപ്പെട്ടാൽ, കടലിടുക്ക് വീണ്ടും തുറക്കുന്നതിന് നേതൃത്വം നൽകാൻ യൂറോപ്പിലെയും ഗൾഫിലെയും സഖ്യകക്ഷികളെ വാഷിംഗ്ടൺ സമ്മർദ്ദം ചെലുത്തുമെന്ന് യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം, ഹോർമുസ് തുറക്കുന്നതുമായി ബന്ധപ്പെട്ട് ട്രംപ് ഇതിനകം നിരവധി തവണ നിലപാടുകൾ മാറ്റിയിട്ടുണ്ടെന്നതിനാൽ തന്നെ നിലവിലെ തീരുമാനം സ്ഥായിയായി കണക്കാക്കാനുമാവില്ല.
ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ കടലിടുക്ക് തുറന്നുനൽകിയില്ലെങ്കിൽ, ഇറാന്റെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ ബോംബിടുമെന്ന് അദ്ദേഹം പലപ്പോഴും ഭീഷണി മുഴക്കിയിട്ടുണ്ട്. ചിലഘട്ടത്തിൽ ഹോർമുസ് തങ്ങളുടെ വിഷയമല്ലെന്നും അത് ആശ്രയിക്കുന്ന് മറ്റ് രാജ്യങ്ങൾ പരിഹരിക്കേണ്ട പ്രശ്‌നമാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ഹോർമുസ് തുറക്കുന്നതിന് യുദ്ധ കപ്പലുകൾ അയക്കാൻ യൂറോപ്യൻ രാജ്യങ്ങൾ തയ്യാറാകാത്തതിനെ തുടർന്നായിരുന്നു ട്രംപ് ഇത്തരത്തിലുള്ള നിലപാട് സ്വീകരിച്ചത്.
ഹോർമുസ് കടലിടുക്ക് അടച്ചിടൽ ഇതിനകം ആഗോള സമ്പദ്വ്യവസ്ഥയെ ബാധിക്കുകയും പെട്രോൾ വില വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കയുടെ സഖ്യകക്ഷികൾ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ഊർജ്ജ വിതരണത്തിലെ തടസ്സങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്.
യുദ്ധം അവസാനിപ്പിക്കാൻ പോകുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലും ഹോർമുസ് കടലിടുക്ക് തുറന്നുനൽകിയില്ലെങ്കിൽ ഇറാനിലെ ഊർജ്ജ പ്ലാന്റുകളും എണ്ണക്കിണറുകളും അമേരിക്ക പൂർണ്ണമായി നശിപ്പിക്കുമെന്ന് ട്രംപ് തിങ്കളാഴ്ച വീണ്ടും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം ചർച്ചകൾക്ക് തയ്യാറാണെന്ന് ഇറാൻ ഇതുവരെ പരസ്യമായി പറഞ്ഞിട്ടില്ല.


















































