തിരുവനന്തപുരം: തട്ടുകടക്കാരനെ ആക്രമിച്ച് കഴുത്തിലുണ്ടായിരുന്ന പ്ലാറ്റിനം മാല പൊട്ടിച്ചെടുത്തെന്ന കേസിൽ പ്രതിയായ പോലീസുകാരനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം റൂറൽ പോലീസ് പരിധിയിലെ സിവിൽ പോലീസ് ഓഫീസറായ (സി.പി.ഒ) അപ്പുവിനെതിരെയാണ് നടപടി. തിരുവനന്തപുരം റൂറൽ എസ്.പി.യാണ് സസ്പെൻഷൻ ഉത്തരവിറക്കിയത്.
പോലീസ് അസോസിയേഷൻ നേതാവ് കൂടിയായ അപ്പു കേസിലെ അഞ്ചാം പ്രതിയാണ്. മേയ് 18-ന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
തട്ടുകടയിലെത്തിയ അപ്പുവും സുഹൃത്തുക്കളും ഉൾപ്പെട്ട അഞ്ചംഗസംഘം ഭക്ഷണം കഴിക്കുന്നതിനിടെ കടയുടമയുമായി തർക്കത്തിലേർപ്പെടുകയായിരുന്നു. തുടർന്ന് വാക്കേറ്റം കൈയാങ്കളിയിലേക്ക് നീങ്ങിയെന്നാണ് പരാതി.
സംഭവത്തിനിടെ തന്റെ കഴുത്തിലുണ്ടായിരുന്ന 40,000 രൂപ വിലവരുന്ന സ്വർണമാല പൊട്ടിച്ചെടുത്തുവെന്നാണ് കടയുടമ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. കേസിൽ അപ്പു ഉൾപ്പെടെ അഞ്ച് പേരെ പ്രതിചേർത്തിട്ടുണ്ട്.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പോലീസുകാരനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത് വകുപ്പ് നടപടി സ്വീകരിച്ചത്.


















































