പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന ദളിത് യുവതിയുടെ പരാതിയിൽ ആരോപണവിധേയനായ കോൺഗ്രസ് കൗൺസിലറെ പാർട്ടിയിൽനിന്ന് പുറത്താക്കി. പാലക്കാട് നഗരസഭയിലെ കൗൺസിലറായ പ്രശോഭ് സി. വത്സലനെയാണ് കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽനിന്ന് പാർട്ടി പുറത്താക്കിയത്. പ്രശോഭിന് പാർട്ടിയിൽ മറ്റുസ്ഥാനങ്ങളില്ലെന്നും അതിനാൽ പ്രാഥമിക അംഗത്വത്തിൽനിന്ന് തന്നെ അദ്ദേഹത്തെ പുറത്താക്കുകയാണെന്നും ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ അറിയിച്ചു. കൗൺസിലർ സ്ഥാനം രാജിവെക്കണമോ എന്ന് തീരുമാനിക്കേണ്ടത് പ്രശോഭാണ്, ധാർമികതയുണ്ടെങ്കിൽ കൗൺസിലർ സ്ഥാനം രാജിവെക്കണമെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.
അതേസമയം കഴിഞ്ഞദിവസമാണ് കോൺഗ്രസ് കൗൺസിലറായ പ്രശോഭിനെതിരേ ദളിത് യുവതി പീഡനപരാതി മുഖ്യമന്ത്രിക്കു നൽകിയത്. ജോലിവാഗ്ദാനം ചെയ്ത് താമസസ്ഥലത്തെത്തി പ്രശോഭ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് മുഖ്യമന്ത്രിക്കയച്ച പീഡനപരാതിയിൽ പറയുന്നത്. രണ്ടുതവണ മുറിയിൽവെച്ചും ഒരുതവണ ജില്ലാ ആശുപത്രിയുടെ പരിസരത്ത് കാറിൽവെച്ചും ഒരുതവണ നഗരത്തിലെ ലോഡ്ജ് മുറിയിൽ വെച്ചും പീഡിപ്പിച്ചതായും പറയുന്നു. ഗർഭിണിയാണെന്ന് അറിയിച്ചപ്പോൾ ഗർഭം അലസിപ്പിക്കാനുള്ള ഗുളിക വാങ്ങിത്തരാമെന്നു പറഞ്ഞുവെന്നും അതിനാൽ ജീവനു ഭീഷണിയുണ്ടെന്നും പരാതിയിൽ പറയുന്നു.
സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നു പരാതിയൊന്നും കൈമാറിക്കിട്ടിയിട്ടില്ലെന്നും യുവതിയുടെ മൊഴിയെടുക്കാൻ ശ്രമിക്കുന്നുണ്ടെന്നും അതിനുശേഷം തുടർനടപടി സ്വീകരിക്കുമെന്നുമാണ് ജില്ലാ പോലീസ് മേധാവി അജിത്കുമാർ പ്രതികരിച്ചു. അതേസമയം, സംഭവത്തിൽ പ്രതികരണം തേടിയെങ്കിലും പീഡനപരാതിയുടെ വിവരം പുറത്തുവന്നത് മുതൽ കൗൺസിലറുടെ ഫോൺ സ്വിച്ച് ഓഫ് ആണ്. ഇയാൾ മുങ്ങിയോയെന്ന സംശയത്തിലാണ് പോലീസുള്ളത്.
പരാതിക്കാരിയായ പെൺകുട്ടിക്ക് നീതി ലഭിക്കണമെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥിയായ രമേശ് പിഷാരടി മാധ്യമങ്ങളോട് പറഞ്ഞു. കൗൺസിലർ പ്രചാരണങ്ങളിൽ തനിക്കൊപ്പം വന്നിട്ടുണ്ടെന്ന് അയാളുടെ ചിത്രങ്ങൾ കണ്ടപ്പോൾ മനസിലായി. വ്യക്തിപരമായി അറിയില്ല. പെൺകുട്ടിക്ക് നീതി ലഭിക്കണം. പോലീസും നിയമസംവിധാനവും അതിനുവേണ്ട നടപടി സ്വീകരിക്കണം. കൗൺസിലർക്കെതിരേ പാർട്ടി നേതൃത്വം പാർട്ടിത്തലത്തിൽ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും രമേശ് പിഷാരടി പറഞ്ഞു.
അതേസമയം കൗൺസിലർക്കെതിരായ പീഡനപരാതി തെരഞ്ഞെടുപ്പ് ചർച്ചാ വിഷയമല്ലെന്ന് പാലക്കാട് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എൻ.എം.ആർ. റസാഖ് പ്രതികരിച്ചു. ജനപ്രതിനിധി ഇത്തരത്തിലൊരു പ്രശ്‌നത്തിലുൾപ്പെട്ടത് ഏറെ ഗൗരവമുള്ള കാര്യമാണ്. സംഭവത്തിൽ പോലീസ് നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുവതിയുടെ പരാതിയിൽ ആരോപണവിധേയനായ കോൺഗ്രസ് കൗൺസിലറെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് പാലക്കാട് മണ്ഡലം എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ പ്രതികരിച്ചു. പാലക്കാട്ട് ഒരു മാങ്കൂട്ടമല്ല ഒരുപാട് മാങ്കൂട്ടങ്ങൾ ഉണ്ടെന്നതിന്റെ തെളിവാണ് കോൺഗ്രസുകാർക്കെതിരേ ഉയരുന്ന ആരോപണങ്ങൾ. കൗൺസിലറെ സംരക്ഷിക്കാനാണ് തീരുമാനമെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും അവർ പറഞ്ഞു.
















































