ദോഹ: ഇസ്രായേല്‍ സൈന്യത്തില്‍ രൂക്ഷമായ ആള്‍ക്ഷാമം നിലനില്‍ക്കുന്നതായി സൈനിക മേധാവി മുന്നറിയിപ്പ് നല്‍കി. ഇതോടെ രാജ്യത്ത് രാഷ്ട്രീയ വിവാദം ശക്തമായിരിക്കുയാണ്. സൈനികര്‍ കടുത്ത ക്ഷീണത്തിലാണെന്നും, നിലവിലെ ആള്‍ക്കുറവ് അടിയന്തരമായി പരിഹരിക്കാത്ത പക്ഷം ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകാമെന്നുമാണ് സൈനിക മേധാവി വ്യക്തമാക്കിയത്. ഈ മുന്നറിയിപ്പ് അതീവ ഗൗരവമുള്ളതാണെന്ന് ഇസ്രായേല്‍ പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. നിലവിലെ ഭരണകൂടത്തിന്റെ പരാജയമാണ് ഈ സാഹചര്യമെന്നും പ്രതിപക്ഷം ആരോപിച്ചു.
അതിനിടെ,പശ്ചിമേഷ്യയിലെ സുരക്ഷാ വെല്ലുവിളികള്‍ രൂക്ഷമാകുന്നതിനിടെ ഖത്തറും അമേരിക്കയും പ്രതിരോധ സഹകരണം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. ഖത്തര്‍ പ്രധാനമന്ത്രി അമേരിക്കന്‍ യുദ്ധ സെക്രട്ടറി പീറ്റ് ഹെഗ്‌സേതുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രതിരോധവും സുരക്ഷയും ഉള്‍പ്പെടുന്ന മേഖലകളില്‍ തന്ത്രപരമായ കൂട്ടായ്മ വിപുലീകരിക്കാന്‍ ധാരണയായത്. മേഖലയിലെ നിലവിലെ സാഹചര്യങ്ങള്‍ നേരിടുന്നതിനായി സംയുക്തമായി പ്രവര്‍ത്തിക്കാനും ഇരുവരും തീരുമാനിച്ചു. പ്രതിരോധ സഹകരണം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും ചര്‍ച്ചയില്‍ ഉള്‍പ്പെട്ടു.
















































