ഡല്‍ഹി സമരത്തിലെ പൊലീസ് നടപടിയില്‍ പാര്‍ലമെന്റില്‍ പ്രതിഷേധം തുടരാന്‍ കോണ്‍ഗ്രസ്. പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് കെ സി വേണുഗോപാല്‍ എം പി ആവശ്യപ്പെട്ടു. ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യമുന്നയിച്ചു. പ്രധാനമന്ത്രി മാപ്പ് പറയണമെന്നും കെ സി പറഞ്ഞു. ജെന്‍സികളെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം രണ്ട് വീഡിയോ പോസ്റ്റ് ചെയ്തല്ലോ. അല്‍പ്പമെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ താങ്കളുടെ മുക്കിന് മുന്നില്‍ ഇത്രയും ക്രൂരമായ വിദ്യാര്‍ഥി വേട്ട നടന്നിട്ട് അത് തെറ്റായി പോയി എന്ന് പറയാനുള്ള ആര്‍ജവം പോലും കാണിച്ചിട്ടില്ല.
അതിനു മാപ്പ് പറയുക തന്നെ വേണം. രാജ്യം അത് ആഗ്രഹിക്കുന്നുണ്ട്. പൊലീസ് പാവപ്പെട്ട കുട്ടികളെ പേപ്പട്ടികളെക്കാള്‍ മോശമായിട്ട് തല്ലി തീര്‍ക്കുന്നത് കണ്ടിട്ട് പ്രധാനമന്ത്രി മിണ്ടാതിരിക്കുന്നത് അങ്ങേയറ്റം ലജ്ജാവഹമാണ്. അദ്ദേഹം മാപ്പ് പറയണമെന്ന് രാജ്യം ആഗ്രഹിക്കുന്നുണ്ട്. അത് പറയണമെന്ന് ഞങ്ങള്‍ വീണ്ടും ആവശ്യപ്പെടും – കെ സി വേണുഗോപാല്‍ പറഞ്ഞു. ഒരുപാട് ചോദ്യങ്ങള്‍ ബാക്കിയുണ്ടെന്നും ആഭ്യന്തരമന്ത്രി മറുപടി പറയേണ്ട ചോദ്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വിദ്യാര്‍ഥി സമരം സമാനതകളില്ലാത്ത രീതിയിലാണ് ദില്ലി പൊലീസ് നേരിട്ടത്. പട്ടാളവും സിആര്‍പിഎഫുമൊക്കെ ആയാണ് നേരിട്ടത്.
എന്തിനുവേണ്ടിയിട്ടായിരുന്നു പെല്ലറ്റ് ഉപയോഗിച്ചത്. ഏത് രീതിയിലുള്ള ആയുധങ്ങളായിരുന്നു ഉപയോഗിക്കാന്‍ പറഞ്ഞിരുന്നത്? ആരുടെ നിര്‍ദ്ദേശമനുസരിച്ചാണ്? അമിത്ഷായുടെ നിര്‍ദ്ദേശമനുസരിച്ചാണോ? ഉത്തരം അദ്ദേഹം നാളെ പാര്‍ലമെന്റില്‍ പറയാന്‍ ബാധ്യസ്ഥനാണ്. ഈ സമരത്തില്‍ ആഭ്യന്തരവകുപ്പ് എടുത്ത നടപടികളെല്ലാം ശക്തമായി ചോദ്യം ചെയ്യപ്പെടും. അതിനൊക്കെ ഉത്തരം കിട്ടിയിട്ട് മാത്രമേ ഈ ചര്‍ച്ച സുഖമായിട്ട് മുന്നോട്ട് പോകുകയുള്ളൂ. കൃത്യമായിട്ടുള്ള നടപടികള്‍ ക്രമം എന്താണെന്ന് ഗവണ്‍മെന്റ് വിശദീകരിക്കേണ്ടതായിട്ടുണ്ട്. നമ്മള്‍ പറഞ്ഞ മറ്റ് ഡിമാന്‍ഡുകള്‍ ഉണ്ട്. അക്കാര്യത്തില്‍ എന്താണ് ഗവണ്‍മെന്റ് ചെയ്യാന്‍ പോകുന്നത് എന്നുള്ള കാര്യം വിശദീകരിക്കേണ്ടതായിട്ടുണ്ട് – അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികളും യുവജനങ്ങളും നടത്തിയ പോരാട്ടമാണിതെന്നും അത് ഏതെങ്കിലും ഒരു പ്ലാറ്റ്‌ഫോമിന്റെ മാത്രം പോരാട്ടമല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നുവെച്ച് ഏതെങ്കിലും പ്ലാറ്റ്‌ഫോമില്‍ ഞങ്ങള് കുറച്ചു കാണുന്നുമില്ല. അപ്പോ ഇത് കൂട്ടായിട്ടുള്ള ഒരു പോരാട്ടമായിരുന്നു. ആ പോരാട്ടത്തില് കോണ്‍ഗ്രസിന് യാതൊരു ഭയവുമില്ല. ഞങ്ങള്‍ക്ക് ഞങ്ങളെക്കുറിച്ച് പൂര്‍ണമായ വിശ്വാസമുണ്ട് – അദ്ദേഹം പറഞ്ഞു.



















































